‘ജെമിനി ഗണേശന്’ ശേഷം വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ ദുൽഖർ എത്തുന്നു..

September 2, 2018

അസാധ്യമായ വേഷപ്പകർച്ചയാണ് ദുൽഖർ സൽമാൻ എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. വ്യത്യസ്തമായ കഥാപാത്രങ്ങൾ തികഞ്ഞ മെയ്‌വഴക്കത്തോടെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാനുള്ള ദുൽഖറിന്റെ ഈ പ്രത്യേക മിടുക്കുകൊണ്ടു തന്നെയാണ് ജെമിനി ഗണേശൻ എന്ന ഇതിഹാസ നടന്റെ വേഷം തെലുങ്കിൽ നിന്നും  ദുൽഖറിനെ തേടിയെത്തിയതും. ‘മഹാനടി’യിൽ  ജെമിനി ഗണേശനായി എത്തിയ  ദുൽഖറിന് വൻ സ്വീകരണമാണ് ലഭിച്ചത്. ഒറ്റ സിനിമയിലൂടെ തെലുങ്ക് സിനിമാ ലോകത്തെയും പ്രിയ താരമായ ദുൽഖറിനെത്തേടി തെലുങ്കിൽ നിന്നും അടുത്ത ചിത്രവും എത്തുകയാണ്.

നവീന സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമ്മിക്കാനൊരുങ്ങുന്ന ഒരു  ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലേക്കാണ് ഇപ്പോൾ താരത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ് ദഗ്ഗുബട്ടിയ്‌ക്കൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുക. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖമായിരിക്കുമെന്നാണ് സൂചന.

അതേസമയം ദുല്‍ഖര്‍ ഇപ്പോള്‍ തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദി സോയാ ഫാക്ടറിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ഒരു ക്രിക്കറ്ററുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത് സോനം കപൂറാണ്. അനുജ ചൗഹാന്റെ 2008 ൽ പുറത്തിറങ്ങിയ ദ സോയാ ഫാക്ടർ  നോവലിനെ ആധാരമാക്കിയൊരുക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 5 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ  അണിയറപ്രവർത്തകർ അറിയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അഭിനേതാവും തിരക്കഥാകൃത്തുമായ അഭിഷേക് ശർമയാണ്.