നവകേരളത്തെ പടുത്തുയർത്താൻ കൈ നിറയെ ധനവുമായി ധ്വനി എത്തി..

കേരളം നേരിട്ട മഹാ പ്രളയത്തെ അതിജീവിച്ച് വരുകയാണ് കേരളജനത. നവകേരളത്തെ വാർത്തെടുക്കുന്നതിന് സഹായ ഹസ്തവുമായി ദിവസേന നിരവധി ആളുകളാണ് ചെറുതും വലുതുമായ സഹായവുമായി എത്തുന്നത്. തങ്ങളുടെ ഇല്ലായ്മയിൽ നിന്നുപോലും ഉള്ളതിന്റെ ഒരു പങ്കുമായി എത്തിയ നിരവധി ആളുകളുടെ വാർത്തകൾ ദുരിതകേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമാവുകയായിരുന്നു.
മലയാളികളുടെ വറ്റിപോകാത്ത സഹോദര സ്നേഹത്തിന്റെ മാതൃകകളായി പുതുതലമുറയിലെ ഒരുപാട് കുഞ്ഞുങ്ങൾ നവകേരളത്തിന് കൈത്താങ്ങുമായി എത്തിയിരുന്നു. അത്തരത്തിൽ താൻ സൂക്ഷിച്ചുവെച്ച പണക്കുടുക്കുകയുമായി മന്ത്രിയെത്തേടിയെത്തിയ ധ്വനി എന്ന കുഞ്ഞുബാലികയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാറിന്റെ വീട്ടിൽ എത്തിയ ധ്വനി എന്ന ഒന്നാം ക്ലാസുകാരി മന്ത്രിക്ക് നീട്ടിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താൻ സൂക്ഷിച്ചുവെച്ച തന്റെ സമ്പാദ്യമായിരുന്നു. നാട്ടിലെ അമ്പലത്തിലേക്ക് വഴിപാട് നൽകുന്നതിനായി ചെറിയ നാണയത്തുട്ടുകൾ സ്വരൂപിച്ചു താൻ കാത്തുവച്ച മൺകുടുക്കയിലെ ചില്ലറകളുമായി എത്തിയ കൊച്ചുപെൺകുട്ടിയുടെ നല്ല മനസ്സിനെ പ്രശംസിച്ച് മന്ത്രി ഉൾപ്പെടെ നിരവധി ആളുകൾ രംഗത്തെത്തി.
വി എസ് സുനിൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..
”ഇന്നു രാവിലെയാണ് ആ കുട്ടി വീട്ടുകാരെയും കൂട്ടി എന്റെ വീട്ടിലെത്തിയത്. കയ്യിൽ ഒരു കുഞ്ഞു മൺകുടുക്കയുമുണ്ടായിരുന്നു. കണ്ടശാംകടവ് സ്വദേശികളായ പ്രദീപ് ഹരിദാസ് – രമ്യ ദമ്പതികളുടെ മകളായ ധ്വനി മോളായിരുന്നു ആ കുട്ടി. നാട്ടിലെ അമ്പലത്തിലേക്ക് വഴിപാട് നൽകുന്നതിനായി ചെറിയ നാണയത്തുട്ടുകൾ സ്വരൂപിച്ചു വെച്ച മൺകുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് എത്തിയതെന്ന് ആ കൊച്ചുമിടുക്കി പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. ഇത്തരം ചെറു ചെറു സഹായങ്ങൾക്കൊണ്ടാണ് നമ്മൾ അതിജീവനത്തിന്റെ പുതിയ സംഘഗാഥ രചിക്കുന്നത്.
ബഹു. മുഖ്യമന്ത്രി നിർദ്ദേശിച്ച സാലറി ചലഞ്ചിനോട് ചിലർ മുഖം തിരിച്ചു നിൽക്കുന്ന സന്ദർഭത്തിലാണ് ധ്വനി മോളെ പോലെയുള്ളവരുടെ മാതൃക മറ്റൊരു ചലഞ്ച് ആകുന്നത്. ധ്വനിമോൾക്കും മാതാപിതാക്കൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി.”