ഒരു കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യം; വിത്യസ്തമായൊരു മാര്‍ക്കറ്റിംഗ്

September 24, 2018

ഹെഡ്‌ലൈന്‍ വായിച്ച് തല പുകയ്‌ക്കേണ്ട. സംഗതി കാര്യമാണ്. തമിഴ്‌നാട്ടിലെ ഡിസി ബേക്കറിയാണ് തികച്ചും വിത്യസ്തമായൊരു മാര്‍ക്കറ്റിംഗ് ക്യാംപെയിന്‍ നടത്തുന്നത്. വര്‍ധിച്ചുവരുന്ന പെട്രോള്‍ വിലയെ തനിക്ക് അനുകൂലമാക്കിയെടുക്കുകയാണ് ഈ ബേക്കറി ഉടമ.

ഒരു കിലോഗ്രാമിന്റെ ബര്‍ത്ത്‌ഡേ കേക്ക് വാങ്ങുമ്പോഴാണ് ഒരു ലിറ്റര്‍ പെട്രോള്‍ ഡിസി ബേക്കറി സൗജന്യമായി നല്‍കുക. ബര്‍ത്ത് ഡേ കേക്ക് ആവശ്യമില്ലാത്തവര്‍ക്കും ഈ ഓഫര്‍ പ്രയോജനപ്പെടുത്താം. ഇതിനായി ബേക്കറിയില്‍ നിന്നും 495 രൂപയുടെ സാധനങ്ങള്‍ വാങ്ങണമെന്നു മാത്രം.

എന്തായാലും ഡിസി ബേക്കറിയുടെ വിത്യസ്തമായ മാര്‍ക്കറ്റിംഗ് തന്ത്രവും പരസ്യവുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. നേരത്തെ തമിഴ് നാട്ടില്‍ നടന്ന ഒരു വിവാഹത്തിന് വിരുന്നിനെത്തിയ വ്യക്തി പെട്രോള്‍ സമ്മാനമായി നല്‍കിയതും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.