പൃഥ്വിരാജിന് ഇന്ന് പിറന്നാള്‍; കേക്കില്‍ കിടിലന്‍ സര്‍പ്രൈസ് ഒളിപ്പിച്ച് സുപ്രിയ

October 16, 2018

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. എന്നാല്‍ പൃഥ്വിയുടെ പിറന്നാളിനോടനുബന്ധിച്ച് ഭാര്യ സുപ്രിയ ഒരുക്കിയ കേക്കാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍.

പൃഥിരാജിനായ് സുപ്രിയ മനോഹരമായ കേക്ക് തന്നെയാണ് ഒരുക്കിയത്. എന്നാല്‍ ഈ കേക്കിനൊരു കഥകൂടി പറയാനുണ്ട്. തികച്ചും വിത്യസ്തമായ ഒരു സര്‍പ്രൈസ് കൂടി കേക്കില്‍ സുപ്രിയ ഒളിപ്പിച്ചിരുന്നു. മൂന്ന് ആള്‍രൂപങ്ങള്‍ കൊണ്ടാണ് പിറന്നാള്‍ കേക്കിന്റെ മുകള്‍ഭാഗം സുപ്രിയ ആലങ്കരിച്ചത്. ഇത് പൃഥിരാജിനോടും സുപ്രിയയോടും മകള്‍ അലംകൃതയോടും സദ്യശ്യമുള്ളതാണ്. എന്നാല്‍ കേക്കിലെ ആള്‍രൂപങ്ങള്‍ ‘ലൂസിഫര്‍’ എന്ന സിനിമയുടെ ചിത്രീകരണസമയത്തെ ഒരു സീനിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കില്‍ കേക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥിരാജ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി.

വിവേക്ഓബ്രോയിയും സായികുമാറും തമ്മിലുള്ള ഒരു ഗംഭീര സീന്‍ ചിത്രീകരിക്കുകയായിരന്നു ‘ലൂസിഫറി’ന്റെ സംവിധായകന്‍ പൃഥിരാജ്. ഈ സമയം മകള്‍ അലംകൃത പൃത്വിയുടെ കാലില്‍ വിടാതെ പിടിച്ചുകൊണ്ട് വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു. രസകരമായ ഈ സംഭവം പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് പിറന്നാള്‍ കേക്കില്‍ സുപ്രിയ.

പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും നേരത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. മഞ്ജുവാര്യരാണ് ‘ലൂസിഫറി’ലെ നായിക.

ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫര്‍’ നിര്‍മ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നതോടെ വെള്ളിത്തിരയില്‍ എന്ത് അത്ഭുതമാണ് സൃഷ്ടിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.