മൂന്നു ലക്ഷം രൂപയ്ക്ക് പൂജ നടത്തണമെന്ന് മുത്തശ്ശി; തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ജ്യോതിഷിയുടെ ഉപദേശം; വീഡിയോ കാണാം

September 13, 2018

മഹാപ്രളയത്തില്‍ നിന്നും കരകയറാന്‍ കേരളത്തിനു നേര്‍ക്ക് സഹായഹസ്തങ്ങള്‍ നീട്ടുന്നവര്‍ നിരവധിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരും ഒരുപാടുണ്ട്. എന്നാല്‍ പൂജ നടത്തുന്നതിനുള്ള മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഒരു മുത്തശ്ശിക്ക് ഉപദേശം നല്‍കുന്ന ജ്യോതിഷി ഹരി പത്തനാപുരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പൂജ നടത്തുന്നതല്ല മറിച്ച് മറ്റുള്ളവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ പുണ്യമെന്നും ഹരി മുത്തശ്ശിക്ക് ഉപദേശം നല്‍കുന്നുണ്ട്.

സംഭവം ഇങ്ങനെ; സൂര്യ ടീവിയില ശുഭാരംഭം എന്ന പരിപാടിയുടെ അവതാരകനാണ് ജ്യോതിഷി ഹരി പത്തനാപുരം. പിതൃക്കള്‍ അലഞ്ഞു നടക്കുന്നതിനാല്‍ കൊച്ചുമകന്റെ വിവാഹം നടക്കുന്നില്ല എന്നുപറഞ്ഞ് ഒരു മുത്തശ്ശി പരിപാടിയിലേക്ക് കത്തയച്ചു. ചെറുമകന്റെ വിവാഹം നടക്കുന്നതിനായി മൂന്ന് ലക്ഷം രൂപയുടെ പൂജ നടത്തണമെന്ന് മുത്തശ്ശിയോട് ഒരു തിരുമേനി പറഞ്ഞതായും കത്തില്‍ കുറിച്ചിട്ടുണ്ട്. ഈ കത്തിന് ജ്യോതിഷി ഹരി നല്‍കിയ മറുപടിയാണ് സാമൂഹ്യമാധ്യമങ്ങള്‍ എറ്റെടുത്തത്. മുത്തശ്ശിക്ക് മാത്രമല്ല എല്ലാവര്‍ക്കും ഗുണകരമാണ് ഹരി നല്‍കിയ ഉപദേശം.

മൂന്നു ലക്ഷം രൂപ ചെലവഴിച്ച് പൂജ നടത്താതെ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ആ തുക ഉപയോഗിക്കണമെന്നും ഹരി മുത്തശ്ശിയോട് പറഞ്ഞു. വീടില്ലാത്തവര്‍ക്ക് വീടുവെച്ചു നല്‍കാനോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനോ ഉപയോഗിക്കണമെന്നും ഹരി മുത്തശ്ശിക്ക് ഉപദേശം നല്‍കി. മറ്റുള്ളവരെ സഹായിക്കുന്നതും ധാനധര്‍മ്മം ചെയ്യുന്നതുമാണ് ഏറ്റവും വലിയ പുണ്യമെന്നും ഹരി ഓര്‍മ്മപ്പെടുത്തി. എന്തായാലും ജോതിഷിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍.