‘മെഡലുകൾ വിശപ്പകറ്റില്ല’; ഉപജീവനത്തിന് ചായക്കടയിൽ ജോലിചെയ്ത് ഏഷ്യൻ ഗെയിംസ് താരം

September 8, 2018

ഇന്ത്യയ്ക്ക് അഭിമാന മുഹൂർത്തങ്ങൾ ഒരുക്കിത്തന്ന താരമാണ് ഹരീഷ് കുമാർ. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സെപക് താക്രോയില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ താരം ഇപ്പോൾ തിരക്കിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നതിനുള്ള വരുമാനം ഉണ്ടാകുന്നതിന്റെ തിരക്കിൽ…ഇന്ത്യ മുഴുവൻ അഭിമാനത്തോടെ നോക്കിക്കാണുകയും മാധ്യമങ്ങളിൽ നിറ സാന്നിധ്യം ആകുകയും ചെയ്ത ഈ താരം ഇപ്പോൾ ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിൽക്കുകയാണ്.

കുടുംബത്തിന്റെ വരുമാന മാർഗമായ ചായക്കടയിൽ അച്ഛനെ സഹായിക്കുകയാണ് ഹരീഷിപ്പോൾ. പിതാവ് ഓട്ടോ ഡ്രൈവർ ആണ്. ഓട്ടോ ഓടിച്ച ശേഷം ചായക്കട നടത്തുകയും ചെയ്യുന്ന പിതാവിനൊപ്പം നിൽക്കുന്ന ഹരീഷ് കുടുംബത്തിന് വരുമാന മാർഗം കണ്ടെത്തുന്നതിനായി ഒരു സർക്കാർ ജോലി കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.

”എന്റെ കുടുംബത്തിൽ ആളുകൾ വളരെ കൂടുതലാണ്, വരുമാന മാർഗം നന്നെ കുറവുമാണ്. അതിനാൽ കുടുംബം പുലർത്താൻ അച്ഛനെ സഹായിക്കേണ്ടതുണ്ട്. കുടുംബത്തിന് വേണ്ടി നല്ലൊരു ജോലി കണ്ടെത്തേണ്ടതും തനിക്ക് അത്യാവശ്യമാണെന്ന്” ഹരീഷ് പറഞ്ഞു. ജോലിക്കിടയിലും സമയം കണ്ടെത്താനും പ്രാക്‌സ്റ്റീസ് മുടങ്ങാതിരിക്കാനും ഹരീഷ് ശ്രമിക്കാറുണ്ട്. ഉച്ചയ്ക്ക് ലഭിക്കുന്ന വിശ്രമ വേളകളിലും വൈകുന്നേരവുമൊക്കെയാണ് പ്രാക്ടീസ് നടത്തുന്നതിനായി ഹരീഷ് സമയം കണ്ടെത്തുന്നത്.

പരിശീലകൻ ഹേമരാജിന്റെ സഹായത്തോടെയാണ് ഹരീഷ് ഉയർന്ന വിജയം നേടിയതും ഏഷ്യൻ ഗെയിംസുവരെ എത്തിയതും. ഇപ്പോഴും ഹേമരാജിന്റെ സഹായത്തോടെയാണ് ഹരീഷ് മുന്നോട്ട് പോകുന്നത്.