കൗതുകമായി ‘ഐ ഫോണ്‍ ജ്യൂസ്’; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

September 12, 2018

സ്മാര്‍ട്‌ ഫോണുകളുടെ റിവ്യൂ പലതരത്തില്‍ തയാറാക്കുന്നവരുണ്ട് നമുക്കിടയില്‍. ഫോണുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നിന്നും ഐ ഫോണ്‍ താഴേക്ക് എറിഞ്ഞതും വെള്ളത്തിലിട്ട് ഫ്രീസ് ചെയ്തതുമൊക്കെ സോഷ്യല്‍ മീഡയയില്‍ നേരത്തെതന്നെ തരംഗമായിരുന്നു. എന്നാല്‍ ഈ പരീക്ഷണങ്ങളില്‍ നിന്നെല്ലാം വിത്യസ്തമായി ഐ ഫോണ്‍ ജ്യൂസ് അടിച്ചുകുടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍.

ഐ ഫോണ്‍ എക്‌സാണ് മിക്‌സിക്കുള്ളിലിട്ട് അടിച്ച്‌പൊടിച്ച് വെള്ളവും ചേര്‍ത്ത് ജ്യൂസാക്കി മാറ്റിയത്. യൂട്യൂബില്‍ ടെക്‌റാക്‌സ് എന്നറിയപ്പെടുന്ന തരസ് മാക്‌സിമുഖാണ് ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ ഉദ്യമത്തിനു പിന്നില്‍. ഉക്രൈന്‍ സ്വദേശിയാണ് തരസ് മാക്‌സിമുഖ്. കാലിഫോര്‍ണിയയില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ പരീക്ഷണം. പ്രവര്‍ത്തനസജ്ജമായ ഐ ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ശേഷമാണ് മാക്‌സിമുഖ് ഫോണ്‍ മിക്‌സിക്കുള്ളിലിടുന്നത്.

പൊടിച്ചെടുത്ത ഐ ഫോണ്‍ മിശ്രിതം വെള്ളം ചേര്‍ത്ത് ഇയാള്‍ ജ്യൂസാക്കി മാറ്റി. മലിനജലത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ലൈഫ് സ്‌ട്രോ ഉപയോഗിച്ച് ഈ മിശ്രിതം മാക്‌സിമുഖ് കുടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് മാക്‌സിമുഖിന്റെ ഐ ഫോണ്‍ ജ്യൂസ്.