ഇത് ഇന്ത്യന്‍ സ്‌റ്റൈല്‍; പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ

September 20, 2018

തൊടുത്തു വിട്ട അസ്ത്രം പോലെയുള്ള ഇന്ത്യയുടെ ബൗളിങില്‍ പാകിസ്ഥാന്‍ വീണു. എട്ടു വിക്കറ്റിന് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു. 43.1 ഓവറില്‍ 162 റണ്‍സെടുത്ത് പാകിസ്ഥാന് പുറത്തായി. പാകിസ്ഥാനെതിരെ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.

രോഹിത് ശര്‍മ്മയും ശിഖര്‍ധവാനും ആയിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ്മ 52 റണ്‍സും ശിഖര്‍ ധവാന്‍ 46 റണ്‍സും സ്വന്തമാക്കി. 31 റണ്‍സ് വീതം നേടിയ റായിഡുവും കാര്‍ത്തിക്കും പുറത്താകാതെ നിന്നു.

കളിയില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ബൗളിങിന്റെ തുടക്കം മുതല്‍ക്കെ ഇന്ത്യ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റുമെടുത്തു. ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദി മാച്ച്.

ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. 47 റണ്‍സാണ് ബാബര്‍ അസം അടിച്ചെടുത്തത്. ശുഐബ് മാലിക്- ബാബര്‍ കൂട്ടുകെട്ടുമാത്രമാണ് പാകിസ്ഥാന് കളിയില്‍ അല്‍പമെങ്കലും ആശ്വാസം നല്‍കിയത്. ഈ കൂട്ടുകെട്ടില്‍ 43 റണ്‍സ് പാകിസ്ഥാനെടുത്തു.

എന്നാല്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാറ്റിങിന്റെ തുടക്കത്തില്‍ തന്നെയുള്ള ഈ നേട്ടം മുഴുവന്‍ കളിയിലും ഇന്ത്യയെ തുണച്ചു. കളിയില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തി. നടുവിനാണ് പരിക്ക്. പാണ്ഡ്യയ്ക്കു പകരം ഫീല്‍ഡ് ചെയ്യാനെത്തിയ മനീഷ് പാണ്ഡെയും നന്നായി കളിച്ചു. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ച ക്യാച്ച് സ്വന്തമാക്കിയിത് മനീഷ് പാണ്ഡെയായിരുന്നു.