ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

September 22, 2018

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വന്‍ വിജയം. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 173 റണ്‍സ് എടുത്ത് പുറത്തായി. 36.2 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.

ബാറ്റിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കൂടുതല്‍ മികവ് പുലര്‍ത്തി. 83 റണ്‍സ് നേടിയ രോഹിത് പുറത്താകാതെ നിന്നു. 47 ബോളില്‍ 40 റണ്‍സ് അടിച്ച് ശിഖര്‍ധവാനും നന്നായി കളിച്ചു. മൂന്നാമതായി ബാറ്റിങിനിറങ്ങിയ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി 37 പന്തില്‍ 33 റണ്‍സും അടിച്ചെടുത്തു.

കളിയില്‍ എടുത്തു പറയേണ്ടത് ഒരു വര്‍ഷത്തിനു ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയുടെ ബൗളിങ് പ്രകടനം തന്നെയാണ്. പത്ത് ഓവറില്‍ 29 റണ്‍സിന് നാല് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ജസ്പ്രീത് ബുംറ 37 റണ്‍സിന് മൂന്നു വിക്കറ്റുമെടുത്തു.

49.1 ഓവറില്‍ ബംഗ്ലാദേശ് പുറത്തായി. പാകിസ്ഥാനെതിരെ നടത്തിയ ബൗളിങിലെ മിന്നലാക്രമണം തന്നെയാണ് ബംഗ്ലാദേശിനെതിരെയും ഇന്ത്യ നടത്തിയത്. അവസാനമായി കളിക്കാനിറങ്ങിയ മെഹിദി ഹസ്സന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 42 രണ്‍സാണ് താരം സ്വന്തമാക്കിയത്.