ഇന്ത്യ- വെന്‍ഡീസ്‌ മത്സരം: അഞ്ചാം ഏകദിനം തിരുവനന്തപുരത്ത്

September 4, 2018

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിക്കും. ബിസിസിഐയുടെ പ്രഖ്യാപനം അനസരിച്ച് അഞ്ചാം ഏകദിനത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. പരമ്പരയിലെ മൂന്നാമത്തെ ഏകദിനമത്സരം തിരുവനന്തപുരത്ത് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം അഞ്ചാം ഏകദിനമാണ് തിരുവനന്തപുരത്ത് നടക്കുക. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിനായിരിക്കും അഞ്ചാം ഏകദിനം.

മത്സരത്തിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. പിച്ചുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. കോര്‍പറേറ്റ് ബോക്‌സുകളുടെ നിര്‍മ്മാണവും ഗാലറിയിലെ ഗേറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരം നംവംബര്‍ 11 ന് അവസാനിക്കും.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മത്സരവേദിയായി തിരഞ്ഞെടുക്കുന്നത്. കൊച്ചി കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തിലെ രാജ്യാന്തര ഫുട്‌ബോള്‍ മൈതാനം പൊളിച്ച് ക്രിക്കറ്റ് പിച്ചൊരുക്കണമെന്ന് തീരുമാനമുണ്ടായിരുന്നു. ഇതിനെ എതിര്‍ത്ത് നിരവധി പേരും രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ ബിസിസിഐയും ഇടപെട്ടു. തുടര്‍ന്നാണ് തിരുവനന്തപുരത്ത് തന്നെ മത്സരം നടത്താന്‍ തീരുമാനമായത്.

പരമ്പരയുടെ വിശദാംശങ്ങള്‍

ടെസ്റ്റ്
ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് – രാജ്‌കോട്ടില്‍വെച്ച് ഒക്ടോബര്‍ 4 മുതല്‍ 8 വരെ
രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് – ഹൈദരാബാദില്‍വെച്ച് ഒക്ടോബര്‍ 12 മുതല്‍ 16 വരെ

ഏകദിനം
ഒന്നാം ഏകദിനം ഗുവാഹത്തിയില്‍ ഒക്ടോബര്‍ 21 ന്
രണ്ടാം ഏകദിനം ഇന്‍ഡോറില്‍ ഒക്ടോബര്‍ 24 ന്
മൂന്നാം ഏകദിനം പുനെയില്‍ ഒക്ടോബര്‍ 27 ന്
നാലാം ഏകദിനം മുംബൈയില്‍ ഒക്ടോബര്‍ 29 ന്
അഞ്ചാം ഏകദിനം തിരുവനന്തപുരത്ത് നവംബര്‍ ഒന്നിന്

ട്വന്റി20
ഒന്നാം ട്വന്റി20 കൊല്‍ക്കത്തയില്‍ നവംബര്‍ നാലിന്
രണ്ടാം ട്വന്റി20 ലക്‌നൗവില്‍ നവംബര്‍ ആറിന്
മൂന്നാം ട്വന്റി20 ചെന്നൈയില്‍ നവംബര്‍ 11ന്.