ബൈക്കില്‍ പറക്കുന്ന രാഷ്ട്രത്തലവന്‍; കൈയടിച്ച് ലോകം

September 4, 2018

ബൈക്കില്‍ പറക്കുന്ന ഒരു രാഷ്ട്രത്തലവന്റെ വീഡിയോയ്ക്ക് ലോകമൊന്നാകെ കൈയടിച്ചിരിക്കുകയാണ്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയാണ് ആരെയും അതിശയിപ്പിക്കുന്ന ഈ മാസ്മരിക പ്രദര്‍ശനം കാഴ്ചവെച്ചത്. ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്യാന്‍ ബൈക്കില്‍ പറന്നെത്തുകയായിരുന്നു ഇദ്ദേഹം. നിമിഷങ്ങള്‍ക്കൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിഡന്റിന്റെ വീഡിയോ വൈറലായി.

ബൈക്കില്‍ വെറുതെയങ്ങ് ഉദ്ഘാടനവേദിയില്‍ എത്തുകയായിരുന്നില്ല പ്രസിഡന്റ് ജോക്കോ വിദോദോ. മറിച്ച് ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ കൂറ്റന്‍ പ്ലാറ്റ്‌ഫോമിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി ശേഷം റോഡിലേക്ക് പറന്നിറങ്ങി ഇദ്ദേഹം. യമഹ സൂപ്പര്‍ബൈക്കായ എഫ്‌സി1 ലായിരുന്നു പ്രസിഡന്റെ അത്ഭുത പ്രകടനം. ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങി ബൈക്കില്‍ കയറുകയായിരുന്നു ഇദ്ദേഹം.

998 സിസി എഞ്ചിനാണ് പ്രസിഡന്റ് ഓടിച്ച ബൈക്കിന്റേത്. പരമാവധി 150 ബിഎച്ച്പി കരുത്തും 106 എന്‍എം ടോര്‍ക്കും കാഴ്ചവെക്കും ഈ എഞ്ചിന്‍. ഇന്തോനേഷ്യയിലെ ഏറ്റവും ജനകീയനായ നേതാവാണ് ജോക്കോ വിദോദോ. ഇദ്ദേഹത്തിന്റെ ബൈക്ക് പ്രേമം സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തെ തരംഗമാണ്. പ്രസിഡന്റിന്റെ പുതിയ പ്രകടനത്തിന് ഇപ്പോള്‍ ലോകം മുഴുവന്‍ ഉണ്ട് ആരാധകര്‍.