വൈറലായ ചുംബന ചിത്രത്തിനു പിന്നാലെ ‘ജലേബി’യുടെ ട്രെയിലറും ഏറ്റെടുത്ത് പ്രേക്ഷകര്‍

September 10, 2018

അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായ ഒന്നാണ് ‘ജലേബി ദ എവര്‍ലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ്’ എന്ന സിനിമയുടെ പോസ്റ്റര്‍. ട്രെയിന്റെ എമര്‍ജന്‍സി വിന്‍ഡോയിലൂടെ ഒരു യാത്രയ്ക്ക് തൊട്ടുമുമ്പ് തന്റെ കാമുകനെ ചുംബിക്കുന്ന പെണ്‍കുട്ടിയുടെതായിരുന്നു ഈ ചിത്രം. ട്രെയിനിലെ രണ്ട് യാത്രികര്‍ ഇവരെ തുറിച്ചു നാക്കുന്നതായും പോസ്റ്ററിലുണ്ട്. ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ജലേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ഇപ്പോഴിതാ ജലേബിയുടെ ട്രെയിലറും പുറത്തുവിട്ടു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിനും ലഭിക്കുന്നത്. മനോഹരമായ ഒരു പ്രണയകഥയാണ് ജലബേബി പറയുന്നത്. റിയ ചക്രവര്‍ത്തിയും വരുണ്‍ മിത്രയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ജലേബി: ദ് എവര്‍ലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ് എന്ന ചിത്രം നിര്‍മ്മിക്കുന്നത് മഹേഷ് ഭട്ട് മുകേഷ് ഭട്ട് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള വിശേഷ് ഫിലിംസ് ആണ്. ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മഹേഷ് ഭട്ട് ഒരു നിത്യഹരിത പ്രണയത്തിന്റെ കഥയാണിതെന്ന് കുറിക്കുകയും ചെയ്തു. പുഷ്പദീപ് ഭരദ്വരാജാണ് ജലേബിയുടെ സംവിധാനം. മഹേഷ് ഭട്ട് തന്നെ ജലേബിയുടെ ട്രെയിലറും പങ്കുവെച്ചിട്ടുണ്ട്‌.

68 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ചിത്രവുമായി ഏറെ ബന്ധം പുലര്‍ത്തുന്നതായിരുന്നു ജലേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റാണ് ഈ ചിത്രം. 1950 ല്‍ നൂറ്റിഅറുപതാം റെജിമെന്റിലെ ഒരു പട്ടാളക്കാരന്‍ തന്റെ ഭാര്യയ്ക്ക് നല്‍കുന്ന ചുംബന ചിത്രമാണിത്. പട്ടാളക്കാരനായ റോബര്‍ട്ട് മയെ കൊറിയന്‍ യുദ്ധത്തിനായി പോകുന്നതിനു മുമ്പ് ട്രെയിന്‍ വിന്‍ഡോയിലൂടെ തന്റെ തല പുറത്തേക്കിട്ട് ഭാര്യ ഗ്ലോറിക്ക് നല്‍കുന്ന വികാരനിര്‍ഭരമായ ചുംബനം. വീണുപോകാതിരിക്കാന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ഇരു കാലുകളിലും പിടിച്ചിട്ടുണ്ട്. വിരഹത്തിന്റെയും യുദ്ധത്തിന്റെയുമൊക്കെ തീവ്രത ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ചിത്രം. വാര്‍ ഫോട്ടോഗ്രഫിയില്‍ പ്രശസ്തനായ ലൊസാഞ്ചെല്‍സ് ടൈംസിലെ ഫ്രാങ്ക് ക്യൂ ആണ് ഈ വികാരനിര്‍ഭരമായ ചിത്രം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ‘കൊറിയന്‍ വാര്‍ ഗുഡ്‌ബൈ കിസ്സ്’ എന്നാണ് ഈ ഫോട്ടോ അറിയപ്പെടുന്നത്. ഈ ചിച്രവുമായി ഏറെ സാമ്യമുള്ളതായിരുന്നു ജലേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ട്രെയിലര്‍കൂടി പുറത്തിറങ്ങിയതോടെ ജലേബിക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.