കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് സർപ്രൈസ്‌ ഒരുക്കി മോഹൻലാൽ..

September 26, 2018

ലോക മലയാളികളുടെ ഹരമായി മാറിയ  കേരളാ ബ്ലാസ്റ്റേഴ്‌സിനുടമായി  മോഹൻലാൽ എത്തുമെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. .ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയില്‍ ഇന്നലെ  നടന്ന ഔദ്യോഗിക ജഴ്‌സി പ്രകാശന ചടങ്ങിലാണ് മ‍ഞ്ഞപ്പട മാനേജ്മെന്‍റ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ അംബാസിഡറായി മോഹൻലാൽ എത്തുന്നുവെന്ന വാർത്ത മാത്രമായിരുന്നു ഇന്നെല പുറത്തുവന്നത്. എന്നാൽ വെറും അംബാസിഡർ മാത്രമല്ല ടീമിന്റെ സഹ ഉടമ കൂടിയായാൻ ലാലേട്ടൻ എത്തുന്നുവെന്ന വാർത്തയാണ് ഇന്ന് ആരാധകർക്ക് ആവേശമായി എത്തുന്നത്.ബ്ലാസ്റ്റേഴ്‌സിന്റെ 20 ശതമാനം ഓഹരികളാകും ഇതോടെ താരം സ്വന്തമാക്കുക.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ  ഇന്ത്യ മുഴുവനുമുള്ള ഫുട്ബോൾ പ്രേമികൾ നെഞ്ചേറ്റിയതിന് പിന്നിൽ ഒരു കാരണം കൂടി ഉണ്ടായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ ടീമിലുള്ള ഉടമസ്ഥാവകാശം. എന്നാൽ സച്ചിൻ ഉടമസ്ഥാവകാശം ഒഴിഞ്ഞതിന് ശേഷം ഉടമസ്ഥാവകാശം ആർക്ക് എന്ന ചോദ്യത്തിന് വിരാമമായിരിക്കുകയാണ് ഇപ്പോൾ. ടീം സഹ ഉടമയും അംബാസിഡറുമായിരുന്ന ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറുടെ പകരക്കാരനായി ലാലേട്ടൻ എത്തിയത് മലയാളികൾക്ക് ആവേശമായി. ഒരു പ്രതിഫലവും വാങ്ങിക്കാതെയായിരിക്കും വരുന്ന അഞ്ച് വർഷത്തേക്ക് ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ മോഹൻലാൽ സേവനം അനുഷ്ഠിക്കുക എന്നതും ആരാധകരിൽ ഇരട്ടി മധുരം നൽകുന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്കൊരു പുതിയ അംഗത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് സൂചന നല്‍കിയിരുന്നു. ഇതോടെ മഞ്ഞപ്പടയുടെ ജഴ്‌സി പുറത്തിറക്കുന്ന മോഹന്‍ലാല്‍ ആകും സര്‍പ്രൈസ് എന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.