പ്രളയത്തിന് പിന്നാലെ കേരളം പൊള്ളുന്നു..
സംസ്ഥാനം പ്രളയത്തിന് പിന്നാലെ കടുത്ത വേനലിലേക്ക് പോകുന്നു.കടുത്ത വെയിലിനെത്തുടർന്ന് കഴിഞ്ഞ ദിവസം വയനാട്ടിൽ രണ്ടുപേര്‍ക്ക് സൂര്യഘാതമേറ്റു. പുറത്ത് ജോലി ചെയ്യവേയാണ് രണ്ടുപേര്‍ക്ക് പൊള്ളലേറ്റത്. മൈലാടി സ്വദേശി ഇസ്മായില്‍, നടവയല്‍ സ്വദേശി ബിജു എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്. പൊള്ളലേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയം നടന്ന് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോൾ സംസ്ഥാനത്തെമ്പാടും നദികളും കിണറുകളും വലിയ തോതില്‍ വറ്റിവരളുന്നത് അത്ഭുതപ്രതിഭാസമാണെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞിരുന്നു.
പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് കിണറുകളും കുളങ്ങളും നദികളുമെല്ലാം വരണ്ടുണങ്ങുന്ന അവസ്ഥ ദുരൂഹ പ്രതിഭാസമാണെന്നാണ് ജലവിഭവ വകുപ്പിന്റെയും പ്രാഥമിക കണ്ടെത്തൽ. നദികളിലെയും കിണറുകളിലെയും വെള്ളം കുറയുന്നതിന് പുറമെ ഡാമുകളിലെ നീരൊഴുക്ക് കുറയുന്നതും ഏറെ ആശങ്ക ജനിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.
പ്രളയത്തെത്തുടർന്ന് വെള്ളം നിറഞ്ഞൊഴുകിയ ഭാരതപ്പുഴ, പമ്പ തുടങ്ങിയ നദികളെല്ലാം ആഴ്ചകൾക്കുള്ളിൽ വരണ്ടുണങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ജി ഡബ്ള്യൂ ആർ ഡി എമ്മിനോട് ആവശ്യപ്പെട്ടതായും ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു.