ദുരിത കേരളത്തിൽ ഒരു നാടിന്റെ മുഴുവൻ ദാഹമകറ്റി ഈ ‘കിണ്ടി’…

കേരളം നേരിട്ട മഹാപ്രളയത്തെ അത്ര പെട്ടന്നൊന്നും കേരളക്കരയ്ക്ക് മറക്കാനാവില്ല..ദുരിതങ്ങൾ മാത്രം വിതച്ച ഈ ദിവസങ്ങൾ എന്നും കേരളം ഒരു പേടി സ്വപനം പോലെ ഓർക്കുന്നു.. ഒരു നാടിനെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പ്രളയ്ക്കെടുതിയിൽ നിന്നും കേരളം അതിജീവിച്ചുവരുകയാണ്. ഈ മഹാദുരന്തത്തിന്റെ ദിനങ്ങളിലും കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസവുമായി നിരവധിയാളുകളാണ് എത്തിയത്. ദുരിതങ്ങളുടെ കഥകൾ മാത്രം ഓർത്തെടുക്കുന്ന പ്രളയകാലത്ത് ഒരു നാടിന് മുഴുവൻ താങ്ങായ ഒരു കിണ്ടിയുടെ കഥയുമായി എത്തുകയാണ് കൂത്തിയതോട് നിവാസികൾ…
നോർത്ത് കൂത്തിയതോട് മണവാളൻ എം ജെ വിൽസണിന്റെ വീട്ടുമുറ്റതാണ് പ്രളയ ദിനങ്ങളിൽ ഒരു നാടിനുമുഴുവൻ ആശ്വാസമായ ഭീമൻ കിണ്ടികിണർ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പല ജില്ലകളെയും പോലെ കൂത്തിയതോട് പ്രദേശത്തെ ആളുകളെയും പ്രളയം ശക്തമായി ബാധിച്ചിരുന്നു. പല വീടുകളും കിണറുകളും വെള്ളത്തിനടിയിലായതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയ ആളുകൾ കുടിവെള്ളത്തിനായി സമീപിച്ചത് പത്തടി ഉയരവും ആറടി വ്യാസവുമുള്ള വിൽസണിന്റെ കിണ്ടികിണറായിരുന്നു. വെള്ളപ്പൊക്കത്തിൽ കിണ്ടി കിണറിന്റെ ഒമ്പതടിയോളം വെള്ളത്തിൽ മുങ്ങിയിരുന്നു.
മൂന്ന് നില വീടായതിനാൽ ദുരിതദിവസങ്ങളിൽ അമ്പതോളം ആളുകൾ അഭയം പ്രാപിച്ചതും വിൽസണിന്റെ വീട്ടിലായിരുന്നു. വീടിന്റെ രണ്ടാം നിലയിൽ നിന്നായിരുന്നു ആളുകൾ കിണ്ടികിണറിൽ നിന്നും വെള്ളം കോരിയത്. പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വള്ളത്തിൽ എത്തിയും ഈ കിണറിൽ നിന്ന് വെള്ളം ശേഖരിച്ചിരുന്നു.
പഴയ കാലത്തെ വീടിന്റെ മുന്നിൽ വച്ചിരുന്ന കിണ്ടിയിൽ നിന്നും കയ്യും മുഖവും കഴുകിയ ശേഷം മാത്രം വീട്ടിലേക്ക് കയറിയിരുന്ന പിതാവിന്റെ ഓർമ്മയ്ക്കായാണ് താൻ കിണ്ടി കിണർ വീടിന്റെ മുൻ ഭാഗത്ത് തന്നെ നിർമ്മിച്ചതെന്ന് വിൽസൻ പറഞ്ഞു. അഞ്ചു വർഷം മുമ്പ് വീട് പണിതപ്പോൾ കിണറിന്റെ മുകളിൽ കോൺക്രീറ്റിൽ കിണ്ടി നിർമ്മിക്കുകയായിരുന്നു. അതേസമയം വീടിന്റെ മുന്നിൽ നിർമ്മിച്ച കിണ്ടി അഭംഗിയാണെന്ന് പറഞ്ഞ് നിരവധി ആളുകൾ എത്തിയിരുന്നു. എന്നാൽ തന്റെ വീടും കിണ്ടികിണറും പ്രളയബാധിതർക്ക് ആശ്വാസമായതിൽ ഏറെ സന്തോഷമുണ്ടെന്നും വിൽസൻ പറഞ്ഞു.