പ്രളയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രം; ചിത്രീകരിച്ചത് പ്രളയത്തിനും മുമ്പേ…!

September 6, 2018

കേരളത്തെ ഒന്നാകെ ഉലച്ച പ്രളയക്കെടുതിയുടെ നേര്‍ചിത്രം വരച്ചുകാട്ടുകയാണ് ‘സമത്വം’ എന്ന ഷോര്‍ട്ട് ഫിലിം. പ്രളയക്കെടുതിയും അതിജീവനത്തിനായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെയും കഥ പറയുകയാണ് ഈ ചിത്രം. എന്നാല്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന വസ്തുത ഇതല്ല. എഴുത്തുകാര്‍ കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു എന്നും പറയുംപോലെ പ്രളയത്തിനും ഏകദേശം ആറ് മാസം മുമ്പായിരുന്നു സമത്വത്തിന്റെ ചിത്രീകരണം. പ്രശസ്ത ഛായഗ്രഹകനായ അനില്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് സമത്വം.

ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ശബ്ദവും ഈ ഷോര്‍ട്ട്ഫിലിമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒരു പ്രളയവും തുടര്‍ന്ന് പ്രളയബാധിതര്‍ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പിലെ നേര്‍ക്കാഴ്ചകളുമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. ദുരന്തം മൂലം ഒരു സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളും ഈ ഷോര്‍ട്ട്ഫിലിമില്‍ കാണാം. പ്രളയത്തിനും മുമ്പ സമത്വത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. 2018 ഫെബ്രുവരിയിലാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ സന്ദേശമാണ് മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ളത്. കേരളത്തോടുള്ള വലിയ ആഹ്വാനം തന്നെയാണ് ഈ ചിത്രം.

‘മൈ ബോസ്’ അടക്കം നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട് അനില്‍ നായര്‍. സമത്വത്തിലെ എഡിറ്റിങ്ങും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നതും അനില്‍ നായര്‍ തന്നെയാണ്. ഹരീഷ് നായരാണ് തിരക്കഥ. വിഷ്ണു ടി.എസ് പശ്ചാത്തല സംഗീതവും സുജിത് രാഘവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. വിഷല്‍ എഫക്‌സ് വിഭാഗം കൈകാര്യം ചെയ്യുന്നത് മഹേഷ് കേശവും എഫക്‌സ് കണ്ണനുമാണ്. വിന്‍ വാ സ്റ്റുഡിയോയില്‍ ആണ് ഡബ്ബിങ് വര്‍ക്കുകള്‍ നടന്നത്. കളറിങ് സുജിത് സദാശിവന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ പ്രിയ അനില്‍ നായര്‍, ചമയം പ്രദീപ് രംഗന്‍, നിര്‍മ്മാണ നിര്‍വ്വഹണം വര്‍ഗ്ഗീസ് ആലപ്പാട്ട്, ശിവന്‍ പൂജപ്പുര, സൗണ്ട് മിക്‌സിംഗ് ഹാപ്പി ജോസ്, കവിത ദിലീപ് തിരുവട്ടാര്‍ തുടങ്ങിയവരാണ് ഈ ഹ്രസ്വചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.