‘ചലച്ചിത്ര മേള മാറ്റിവെയ്ക്കരുത്’; കേരളത്തോട് അഭ്യർത്ഥനയുമായി കിം കി ഡുക്ക്

September 19, 2018

വിശ്വവിഖ്യാതമായ നിരവധി ചിത്രങ്ങൾ ലോകത്തിന് സമ്മാനിച്ച സംവിധായകനാണ് കിം കി ഡുക്ക്. കൊറിയൻ ചലച്ചിത്ര സംവിധായകനായ കിം കി ഡുക്കിന്റെ സിനിമകൾ ലോകം മുഴുവനുമുള്ള ആരാധകർക്ക് എന്നും വിസ്മയങ്ങളാണ് സമ്മനിക്കാറ്. അൽമാട്ടി ചലച്ചിത്ര മേളയിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ  ‘ഹ്യുമൻ  സ്‌പെയ്‌സ് ടൈം ഹ്യൂമൻ’ എന്ന ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ് ഇറങ്ങിവരുന്ന സഹചര്യത്തിൽ കേരളത്തിലെ മികച്ച സംവിധായകൻ ഡോ ബിജുവിനാണ് കിം കി ഡുക്ക് കത്ത് നൽകിയത്.

കേരളം നേരിട്ട മഹാപ്രളയത്തിൽ വിഷമമുണ്ടെന്നും കേരള ജനതയോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും മനസുകൊണ്ട് അവർക്കൊപ്പം ആണെന്നും പറഞ്ഞ കത്തിൽ, ഒരിക്കലും ചലച്ചിത്ര മേള നിർത്തിവെയ്ക്കരുതെന്നും ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെ നോക്കിക്കാണുന്ന  ഒന്നാണ് ഐ എഫ് എഫ് കെയെന്നും പറഞ്ഞു. അതിജീവനത്തിന്റെ കലയ്ക്ക് ഒരുപാട് അർത്ഥമുണ്ടെന്നും അതിനാൽ ഇത് മാറ്റിവെയ്ക്കരുതെന്ന് താൻ കേരളത്തിലെ സർക്കാരിനോടും ജനങ്ങളോടും അഭ്യർത്ഥിക്കുകയാണെന്നും കത്തിൽ കിം കി ഡുക്ക് പറഞ്ഞു.

ഡോ. ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള ചലച്ചിത്ര മേള നിര്‍ത്തരുത് എന്ന് കിം കി ഡുക്ക് ..കേരളത്തിലെ പ്രളയത്തില്‍ പെട്ട ജനങ്ങളുടെ ദുരിതത്തില്‍ ഏറെ ദുഃഖം ഉ ണ്ടെന്നും മനസ്സ് കൊണ്ട് അവരോടൊപ്പം ഉണ്ടെന്നും കിം പറഞ്ഞു. കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ സ്‌നേഹികള്‍ നോക്കി കാണുന്ന ഒന്നാണെന്നും അത് നിര്‍ത്തിവെക്കരുത് എന്ന് സര്‍ക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും കിം അറിയിച്ചു. അതിജീവനത്തില്‍ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ടെന്നും അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വെക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഹ്യൂമന്‍, സ്പെയ്സ്, ടൈമ് , ഹ്യൂമന്‍’ ന്റെ പ്രദര്‍ശനം അല്‍മാട്ടി ചലച്ചിത്ര മേളയില്‍ കണ്ടിറങ്ങിയപ്പോഴാണ് കേരള ചലച്ചിത്ര മേള നടത്തണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കിം കി ഡുക്ക് സ്വന്തം കൈപ്പടയില്‍ കൊറിയന്‍ ഭാഷയില്‍എഴുതിയ കത്ത് ഞങ്ങളെ ഏല്‍പ്പിച്ചത്.

നന്ദി പ്രിയ കിം..കേരളത്തിലെ ജനങ്ങളോടും കേരള ചലച്ചിത്ര മേളയോടും ഉള്ള സ്‌നേഹത്തിന്.. കലയുടെ മാനവികതയ്ക്ക്…
(കിം കി ഡുക്കിന് കൊറിയന്‍ ഭാഷ മാത്രമേ അറിയുള്ളൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ)