വീണ്ടും ചെറുപ്പമായി മമ്മൂക്ക; വൈറലായി കുട്ടനാടൻ ബ്ലോഗിലെ ഹരിയേട്ടൻ

September 6, 2018

കുട്ടനാടിന്റെ ഗ്രാമീണ സൗന്ദര്യവും അവിടുത്തെ ആളുകളുടെ ജീവിതവും വരച്ചുകാണിക്കുന്ന മമ്മൂട്ടി ചിത്രം ‘ഒരു കുട്ടനാടൻ ബ്ലോഗി’ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടി പുതിയ ഗെറ്റപ്പിലെത്തുന്ന പോസ്റ്ററിന്  മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ സേതു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം തികച്ചും ഹാസ്യാത്മകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കുട്ടനാടിൻറെ  പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, അനു സിത്താര, ഷംന കാസീം, ലക്ഷ്മി റായി, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്തെ ആളുകളുടെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന വ്യക്തിയായാണ് മമ്മൂട്ടി എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി മുരളീധരനും ശാന്താ മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘മെമ്മറീസി’ന് ശേഷം ഇരുവരും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. പ്രദീപ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീത സംവിധാനം നിശ്ചയിച്ചിരിക്കുന്നത് ശ്രീനാഥാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ബിജിപാലാണ്.

‘മല്ലൂസിങ്ങ്’, ‘റോബിൻ ഹുഡ്’, ‘അച്ചായൻസ്’ തുടങ്ങി ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ സഹസംവിധായകനായി എത്തുന്നത് നടൻ ഉണ്ണി മുകുന്ദനാണ്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണ് ഒരു കുട്ടനാടൻ ബ്ലോഗിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!