ഡ്യൂപ്പില്ല; അപകട രംഗത്തില്‍ അഭിനയിച്ച് ‘ലില്ലി’ യുടെ സംവിധായകന്‍: വീഡിയോ കാണാം

September 27, 2018

സിനിമയിടെ അപകട രംഗങ്ങളെല്ലാം പൊതുവെ ഡ്യൂപ്പുകളെ വെച്ചാണ് ചിത്രീകരിക്കാറ്. എന്നാല്‍ ‘ലില്ലി’ എന്ന ചിത്രത്തിലെ അപകട രംഗത്തില്‍ ഡ്യൂപ്പിനെ നിര്‍ത്താതെ സംവിധായകന്‍ പ്രശോഭ് വിജയന്‍ തന്നെ നേരിട്ടെത്തി. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന രംഗത്തിന്റെ ചിത്രീകരണത്തിലാണ് സംവിധായകന്‍ അഭിനയിച്ചത്. പ്രശോഭ് വിജയന്‍ തന്നെ ഈ ഷൂട്ടിങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം ചെറിയൊരു കുറിപ്പും സംവിധായകന്‍ എഴുതി. ‘ലില്ലിയുടെ ഷൂട്ട് തുടങ്ങി പതിനഞ്ചാമത്തെ ദിവസ്സം ഒരു ആക്‌സിഡെന്റ് സീന്‍ ഉണ്ടായിരുന്നു ഷൂട്ട് ചെയ്യാന്‍. എന്നെ ആരോക്കയോ ചേര്‍ത്ത് നിര്‍ത്തി ആശ്വസ്സിപ്പിച്ച, കെട്ടിപ്പിടിച്ച, ബഹുമാനിച്ച ദിവസ്സം. ലില്ലിയിലെ എന്റെ പ്രിയപ്പെട്ട ദിവസ്സം. സ്വപ്നമാണ് വലുത്, ആ കാറിലിരുന്ന് ഇടി കൊണ്ടതും, കിട്ടിയ വേദനയൊന്നും പുറത്ത് കാണിക്കാതെ ഓടി പോയി ആ ഷോട്ട് ഓക്കെ ആണോ എന്ന് നോക്കിയതും എന്നെ ഞാനാക്കിയതും കുറേ ഏറെ സ്വപ്നങ്ങള്‍ തന്നെയാണ്.

അടുത്ത ദിവസ്സം രാവിലെ ഷൂട്ടിന് വന്നപ്പോള്‍ കുറച്ചു പേരൊക്കെ എഴുന്നേറ്റ് നിന്നു, എന്തെങ്കിലും കുഴപ്പം ഉണ്ടോ, വേദനയുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ മൂപ്പരുടെ ചിരി തന്നെയായിരുന്നു എന്റെ മറുപടിയും’ എന്നു തുടങ്ങുന്ന ഒരു കുറിപ്പിനൊപ്പമാണ് പ്രശോഭ് വിജയന്‍ താന്‍ ഡ്യൂപ്പായതിന്റെ വീഡിയോ പങ്കുവെച്ചത്.

പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി പ്രശോഭ് സംവിധാനം ചെയ്യുന്ന ‘ലില്ലി’ എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സംയുക്ത മേനോന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍; ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംവിധായകന്‍ പ്രശോഭും ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്.

ഒരു ഷോക്കിംഗ് ത്രില്ലര്‍ എന്ന നിലയില്‍ വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നാണ് സൂചന. അതേസമയം ഇതൊരു കുടുംബചിത്രം കൂടിയാണ്. ഇന്ന് സമൂഹത്തില്‍ എവിടെയും നടക്കാവുന്ന ഒരു പ്രമേയമാണ് ലില്ലി എന്ന ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഈ ഫോര്‍ എക്‌സ്പിരിമെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേഹ്തയും സി വി ശാരദിയും ചേര്‍ന്നാണ്. ടീസര്‍ കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ലില്ലി. സിനിമയില്‍ വയലന്‍സ് രംഗങ്ങള്‍ ഉള്ളതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.