മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ‘കട്ട കലിപ്പ് കുട്ടനാടന്‍ പാട്ടു’മായി ശ്രീനാഥ്

September 7, 2018

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘കട്ട കലിപ്പ് കുട്ടനാടന്‍ പാട്ട്’ എന്ന പാട്ടുമായാണ് ശ്രീനാഥ് ശിവശങ്കറും അരുണ്‍ കൃഷ്ണയും മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയെ നായകനാക്കി സേതു എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ ഈ ചിത്രത്തിലെ സംഗീത സംവിധായകനാണ് ശ്രീനാഥ്. ശ്രീനാഥ് ഈണം പകര്‍ന്ന ‘മാനത്തെ മാരിവില്‍ ചിറകില്‍…’ എന്നു തുടങ്ങുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഗാനം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഐഡിയ സ്റ്റാര്‍ സിങര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനാഥിന്റെ സംഗീതരംഗത്തേക്കുള്ള ചുവടുവയ്പ്പ്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ വരികളും ശ്രീനാഥ് എഴുതിയിട്ടുണ്ട്. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തയാറാക്കിയിരിക്കുന്ന വീഡിയോ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ പാട്ട് ഒരു ആഘോഷമാക്കിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയോഷന്‍.

നാടന്‍ പാട്ടിന്റെ ചേലില്‍ ഒരുക്കിയ ‘ഏലംപാടി ഏലേലേലോ എന്ന് തുടങ്ങുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ വള്ളംകളിക്കൊപ്പം പാടാന്‍ മലയാളികള്‍ക്ക് ഒരു ഗാനം കൂടി സ്വന്തമായി. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, അനു സിത്താര, ഷംന കാസീം, ലക്ഷ്മി റായി, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്തെ ആളുകളുടെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഈ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന വ്യക്തിയായാണ് മമ്മൂട്ടി എത്തുന്നത്. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെമ്മറീസിന് ശേഷം ഇരുവരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. പ്രദീപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീത സംവിധാനം നിശ്ചയിച്ചിരിക്കുന്നത് ശ്രീനാഥാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് ബിജിപാലാണ്.