‘മാംഗല്യം തന്തുനാനേന’യിലെ പുതിയ പാട്ടിന്റെ മേയ്ക്കിങ് വീഡിയോ കാണാം

September 15, 2018

പ്രേക്ഷകര്‍ക്ക് ഒരുപിടി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴെ പ്രേക്ഷകരുടെ പ്രതീക്ഷ കൂടി. കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്ന വിധം ഒരല്പം നര്‍മ്മത്തില്‍ കലര്‍ത്തി പറയുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പാട്ടിന്റെ മേയ്ക്കിങ് വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘മെല്ലെ മുല്ലെ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ മേയ്ക്കിങ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ഡാന്‍സും പാട്ടുമെല്ലാം പണ്ടേക്കു പണ്ടേ സിനിമാപ്രേമികള്‍ ഏറ്റെടുത്തതാണ്. കുഞ്ചാക്കാ ബോബന്‍ നായകനായെത്തുന്ന ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിന്റെ ടീസറിനും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. സൗമ്യ സദാനന്ദനാണ് ചിത്രത്തിന്റെ സംവിധാനം.

കുടുംബ പശ്ചാത്തലമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. ഒരു കുടുംബചിത്രം എന്നതിലുപരി ഒരു കോമഡി എന്റര്‍ടെയ്‌നര്‍ കൂടിയാണ് മാംഗല്യം തന്തുനാനേന. ‘ജവാന്‍ ഓഫ് വെള്ളിമല’, ‘ഓലപ്പീപ്പി’, ‘കെയര്‍ ഓഫ് സൈറാ ബാനു’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹസംവിധായകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് സൗമ്യ സദാനന്ദന്‍. എന്നാല്‍ സൗമ്യ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന.

ചിത്രത്തില്‍ റോയ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍ റോയിയുടെ ഭാര്യ ക്ലാരയായും ചിത്രത്തിലെത്തുന്നു. ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയ രാഘവന്‍, സലീം കുമാര്‍, സൗബിന്‍ സാഹിര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരും മാംഗല്യം തന്തുനാനേനയില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നണ്ട്. ഈ മാസം 20 ന് ചിത്രം തീയറ്ററുകളിലെത്തും.