മാന്ത്രിക സംഗീതം ഒരുക്കി മണിരത്‌നം റഹ്മാൻ കൂട്ടുകെട്ട്; ആകാംഷയോടെ തമിഴകം

September 6, 2018

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനാണ്  മണിരത്‌നം. താരത്തിന്റെ പുതിയ ചിത്രമായ  ‘ചെക്ക ചിവന്ത വാന’ത്തിലെ പുതിയ രണ്ട് ഗാനങ്ങൾ പുറത്തിറങ്ങി. 1992 ൽ പുറത്തിറങ്ങിയ ‘റോജ’ എന്ന അത്ഭുത ചിത്രത്തിലൂടെ മണിരത്‌നം ലോകത്തിന് സമ്മാനിച്ച മാന്ത്രിക പ്രതിഭയാണ് എ ആർ റഹ്മാൻ. സംഗീതത്തിന്റെ മാതൃക ലോകത്തേക്ക് കാണികളെ എത്തിക്കുന്ന ഈ അത്ഭുത പ്രതിഭയുടെ കൈമുദ്ര പതിഞ്ഞ പുതിയ ഗാനങ്ങൾ സംഗീതത്തിന്റെ ലോകത്ത് ഒരു നാഴികക്കല്ലാകുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.

കോളിവുഡിലെ താരനിരകൾ അണിചേർന്ന പരിപാടിയിലാണ് ചിത്രത്തിലെ പുതിയ ഗാനങ്ങൾ റിലീസ് ചെയ്തത്. ഇന്നലെ ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ചിത്രത്തിലെ മനോഹരമായ രണ്ട് ഗാനങ്ങളാണ് പുറത്തിറങ്ങിയത്. പ്രണയവും വിരഹവും പറയുന്ന ഗാനത്തിന് പുറമെ സോളോ റൊമാന്റിക് രീതിയിലുള്ള ഒരു ഗാനവും കൂടി ഇന്നലെ വേദിയിൽ എ ആർ റഹ്മാൻ റിലീസ് ചെയ്തു.

വൈരമുത്തു വരികൾ എഴുതിയ ‘മഴൈ കുരുവി’, ‘ഭൂമി ഭൂമി’ എന്നീ ഗാനങ്ങളാണ് ഇന്നലെ റിലീസ് ചെയ്‌തത്‌. മണിരത്നം റഹ്മാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഗാനങ്ങൾ എന്നും സംഗീത ലോകത്ത് അത്ഭുതങ്ങളായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

‘ചെക്ക ചിവന്ത വാന’ എന്ന ചിത്രത്തിൽ ചിമ്പു, ജ്യോതിക, അരവിന്ദ് സ്വാമി, വിജയ് സേതുപതി, പ്രകാശ് രാജ്, അതിദി റാവു, തുടങ്ങി നിരവധി താരനിരകളാണ് അണിനിരക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസുമായി ചേർന്ന് മദ്രാസ് ടാക്കീസ് നിർമിക്കുന്ന ചിത്രം ഈ മാസം 28 ഓടെ തിയേറ്റേറുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.