രാജസ്ഥാനിലെ ചൂടില്‍ രാജുച്ചായന്റെ വാത്സല്യത്തണൽ ഇന്നും ഓര്‍മിക്കുന്നു; ക്യാപ്റ്റനുമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് മഞ്ജു വാര്യർ…

September 17, 2018

കാലയവനികയ്ക്കുള്ളിലേക്ക് നടന്നടുത്ത മലയാള സിനിമയുടെ തീരാനഷ്ടം ക്യാപ്റ്റൻ രാജുവുമൊത്തുള്ള അഭിനയ ജീവിതത്തെക്കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യർ. അന്തരിച്ച താരത്തിന് അനുശോചനമറിയിച്ച മഞ്ജു അദ്ദേഹം തനിക്ക് ഒരു മുതിർന്ന ജേഷ്‌ഠനെപ്പോലെ ആയിരുന്നുവെന്നും സിനിമകളിൽ വില്ലനായി വേഷമിട്ട താരം ജീവിതത്തിൽ ഒരു സ്നേഹ നിധിയായ മനുഷ്യനായിരുന്നുവെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

സിനിമയും ജീവിതവും തമ്മിലുള്ള ദൂരം മിഥ്യയില്‍നിന്ന്
യാഥാര്‍ഥ്യത്തിലേക്കുള്ളതാണെന്ന് തെളിയിച്ച നടന്മാരുടെ മുന്‍നിരയിലാണ്
ക്യാപ്റ്റന്‍രാജുവിന്റെ സ്ഥാനം. ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം വില്ലനായിരുന്നു.
ജീവിതത്തില്‍ സ്‌നേഹനിധിയായ ഒരു മനുഷ്യനും. അഭിനയിച്ച് ഫലിപ്പിച്ച വില്ലൻ
കഥാപാത്രങ്ങളുടെ നിഴല്‍പോലും അടുത്തറിഞ്ഞവര്‍ക്ക് അദ്ദേഹത്തില്‍
കാണാനാകില്ലായിരുന്നു. ‘ദയ’യില്‍ മാത്രമേ ഞങ്ങള്‍ ഒരുമിച്ച്
അഭിനയിച്ചിട്ടുള്ളൂ. അന്ന് രാജസ്ഥാനിലേക്കുള്ള യാത്രയും അവിടത്തെ ചൂടില്‍
രാജുച്ചായന്റെ വാത്സല്യത്തണലും ഇന്നും ഓര്‍മിക്കുന്നു. പിന്നീട് ഫോണില്‍
ഇടയ്‌ക്കൊക്കെ സംസാരിക്കുമായിരുന്നു. അപ്പോഴൊക്കെ മുതിര്‍ന്ന ഒരു
ജ്യേഷ്ഠനെ ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. മലയാളസിനിമയിലെ ക്യാപ്റ്റന്
സല്യൂട്ട്…


500 ലധികം ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരം കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഇതര ഭാഷാ ചിത്രങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. വില്ലനായും സഹനടനായും മലയാളത്തിൽ തിളങ്ങിയ താരം സംവിധാന രംഗത്തും കൈവെച്ചിട്ടുണ്ട്.

മലയാള സിനിമ ലോകത്തിന് പകരം വെക്കാനില്ലാത്ത ഈ അഭിനയ പ്രതിഭയുടെ വിയോഗത്തിൽ കേരളം നടുങ്ങിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് അരങ്ങൊഴിഞ്ഞ ഈ അതുല്യ നടന് ആദരാഞ്ജലികളുമായി എത്തുകയാണ് സിനിമാ ലോകം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!