ഷാദിയയെ കാണാന്‍ മഞ്ജുവെത്തി; ഹൃദയം തൊടും ഈ കുറിപ്പ്
അടുത്തകാലത്ത് കരുതലോടും സ്നേഹത്തോടും മലയാള മനസുകള്‍ ഏറ്റെടുത്ത പേരാണ് ഷാദിയ എന്നത്. പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്കടുക്കുന്ന കേരളത്തിന് പൊന്നുപോലെ സൂക്ഷിച്ച പണക്കുടുക്ക സംഭാവന നല്കിയ ഷാദിയ മലയാളികള്‍ക്ക് അത്രമേല്‍ പ്രിയങ്കരിയാണ്. തലച്ചോറിലെ ട്യൂമറിന് ചികിത്സ തേടുന്ന ഷാദിയ പകരം വെയ്ക്കാനാവാത്ത മാതൃകയാണ് കേരളത്തിന്. അവള്‍ക്ക് പ്രിയപ്പെട്ടവര്‍ നല്കുന്ന ചെറു നാണയത്തുട്ടുകള്‍ പോലും അവള് ആ പണകുടുക്കയില്‍ സൂക്ഷിച്ചിരുന്നു. കഠിന വേദനയിലും തളര്‍ന്നുപോകാതെ കേരളത്തിന്റെ ഉയര്ത്തെഴുന്നേല്പിനായി തനിക്കാവുന്നത് ചെയ്തു ഷാദിയ.
ഷാദിയ എന്ന ഒമ്പത് വയസുകാരിയുടെ വലിയ ആഗ്രഹമായിരുന്നു സിനിമാതാരം മഞ്ജു വാര്യരെ കാണുക എന്നത്. അവളുടെ ഈ ആഗ്രഹവും സഫലമായിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരത്തെ നേരില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ഷാദിയ. ഷാദിയ തന്നെ സന്ദര്‍ശിച്ച കാര്യം മഞ്ജു വാര്യര്‍ തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെടുകയും അതിമനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്ന ഷാദിയയ്ക്ക് കളറിംഗ് സെറ്റും മഞ്ജു വാര്യര്‍ സ്നേഹ സമ്മാനമായി നല്കി. മടങ്ങുന്നതിന് മുമ്പ് താന്‍ വരച്ച ചിത്രം ഷാദിയ മഞ്ജുവിന് നല്‍കുകയും ചെയ്തു.
മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഷാദിയയെ നമ്മള് ആദ്യം കാണുന്നത് രോഗക്കിടക്കയില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണവുമായെത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന് ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പതുവയസുകാരി. ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നല്കിയ നോട്ടുകളും നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍ രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുന്‍കരുതലുകളിലായതിനാല്‍ അവളുടെ കണ്ണുകള്‍ മാത്രമേ നമുക്ക് കാണാനാകൂ.
കുടുക്ക പൊട്ടിക്കുന്നത് നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ ആ കണ്ണുകളില്‍നിന്നുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് ഷാദിയ എന്നെ കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ കാണുക എന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു. AROH എന്ന സംഘടനയിലെ എന്റെ സുഹൃത്ത് ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു. എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യുമ്മ ആമിനയാണ് അവള്‍ക്കെല്ലാം.
രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള സ്വപ്നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി ചിത്രംവരയ്ക്കും, നിറംകൊടുക്കും. എന്റെ ഒരു ചിത്രം അവളുടെ സ്നേഹത്തിന്റെ അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു. ഉദാഹരണം സുജാത നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം.
ഞാന്‍ വല്യുമ്മയോട് സംസാരിക്കുമ്പോള്‍ ഷാദിയ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാന്‍ ശ്രദ്ധിച്ചത്. അപ്പോള്‍ അവളുടെ കണ്ണില്‍ നിഷ്ക്കളങ്കതയുടെ നിലാവുള്ളതുപോലെ…. സൂക്ഷിച്ചു നോക്കിയാല്‍ കണ്ണുകള്‍ ചിരിക്കുന്നതു കാണാം. ഞാന്‍ ഒരു കളറിങ് സെറ്റ് കൊടുത്തപ്പോള്‍ ഷാദിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അതിനെ നെഞ്ചോടു ചേര്‍ത്തു. അവള് വരച്ചുവളരട്ടെ, ആ ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ…ഷാദിയയ്ക്ക് പെട്ടെന്ന് പഴയ ചിത്രശലഭമാകാന്‍ കഴിയട്ടെ എന്ന പ്രാര്ഥനയായിരുന്നു യാത്രയാക്കുമ്പോള്‍….