‘പടയോട്ട’ത്തെ അഭിനന്ദിച്ച് മിഥുന് മാനുവലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അഭിനയ മികവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ബിജു മേനോന് നായകനായെത്തുന്ന ചിത്രമാണ് പടയോട്ടം. തീയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട് ഈ ചിത്രത്തിന്. ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരും രംഗത്തെത്തിയിരുന്നു. സംവിധായകന് മിഥുന് മാനുവലും പടയോട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് മിഥുന് മാനുവല്‍ പടയോട്ടത്തെ അഭിനന്ദിച്ചത്. മലയാളത്തിലെ ഒരു നാടന്‍ ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രമെന്നാണ് പടയോട്ടത്തെക്കുറിച്ച് മിഥുന് മാനുവലിന്റെ വിശദീകരണം.
നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ‘പടയോട്ടം’ സെപ്തംബര്‍ 14 നാണ് തീയറ്ററുകളില്‍ എത്തിയത്. ഓണത്തിന് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രം മഴക്കെടുതിയെത്തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. ചെങ്കല്‍ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോന് ചിത്രത്തില്‍എത്തുന്നത്. കോമഡി എന്റെര്‍റ്റൈനര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രം മനോഹരമായ ഒരു കുടുംബ ചിത്രം കൂടിയാണ്.
ബിജു മേനോനൊപ്പം ചിത്രത്തില്‍ സൈജു കുറുപ്പ്, സിത്താര എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തികച്ചും ഹാസ്യാത്മകമായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ചെങ്കല്‍ രഘു എന്ന കഥാപാത്രവും സംഘങ്ങളും കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് അരുണ്‍ എ ആര്, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ്. ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സാണ് പടയോട്ടവും നിര്‍മ്മിക്കുന്നത്.
മിഥുന് മാനുവലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘പടയോട്ടം, ഒരു pretty decent എന്റെര്‍റ്റൈനെര്‍. മലയാളത്തില്‍ ഒരു നാടന്‍ ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രം, നിരവധി പുതുമ നിറഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അണിയറക്കാര്‍ തിരശീലയില്‍ എത്തിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.’