ലാലേട്ടനും മമ്മൂക്കയ്ക്കും പ്രധാന മന്ത്രിയുടെ കത്ത്; പുതിയ ആഹ്വാനവുമായി മോദി

September 14, 2018

മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തിനും സ്വഛ് ഭാരത് പദ്ധതിയുടെ നാലാം വാര്‍ഷികത്തിനും സാക്ഷിയാകുന്ന ഈ വരുന്ന ഒക്ടോബർ രണ്ടിന് വിപുലമായ ശുചീകരണ യജ്ഞമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന വന്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രമുഖർക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി കത്ത് നൽകി.

മോഹന്‍ലാല്‍, മമ്മൂട്ടി, പാര്‍വതി, ദിലീഷ് പോത്തന്‍ റിമ കല്ലിങ്കല്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, വിദ്യാ ബാലന്‍, സൗബിന്‍ താഹിര്‍, അനു സിത്താര എന്നിവരടക്കം നൂറിലധികം പേര്‍ക്കാണ് പ്രധാനമന്ത്രി കത്തയച്ചത്. സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള കത്ത് രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും പ്രധാന മന്ത്രി അയച്ചു.

വീടും പരിസരങ്ങളും വൃത്തിയാക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്ന് മോദി കത്തിൽ വ്യക്തമാക്കി. 2019ലെ ഗാന്ധിജയന്തി ദിനത്തില്‍ എല്ലാ വീടുകളിലും ശുചിമുറിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നും, രാജ്യത്തെ 90 ശതമാനം വീടുകളിലും ഇപ്പോൾ ശുചിമുറി ലഭ്യമാക്കിയതായും. 2014ല്‍ ഇത് അന്‍പത് ശതമാനം മാത്രമായിരുന്നുവെന്നും മോദി കത്തിൽ കൂട്ടിചേർത്തിട്ടുണ്ട്.