മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളുടെ ലൊക്കേഷന്‍ കാഴ്ചകള്‍ കാണാം

September 4, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നുണ്ട് മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ രണ്ട് ചിത്രങ്ങള്‍ക്കായി. പരസ്യങ്ങളുടെ സംവിധാന രംഗത്ത് പ്രതിഭ തെളിയിച്ച വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന ചിത്രമാണ് ഒന്ന്. രണ്ടാമത്തേത് പൃത്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ലൂസിഫര്‍’. പോസ്റ്ററുകള്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ ഈ രണ്ട് ചിത്രങ്ങളും പ്രക്ഷേകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.

മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രമണ് ഒടിയന്‍. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പ് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രകാശ് രാജാണ് ചിത്രത്തില്‍ വില്ലനായി അവതരിക്കുന്നത്. ഒരുകൂട്ടം കെട്ടുകഥകളുടെ പശ്ചാത്തലമാണ് ഒടിയനിലെ മുഖ്യ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. ഒക്ടോബറിലായിരുന്നു ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ഉലച്ച പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. പുതുക്കിയ തീയതി ഇതുവരെയും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഒടിയനിലെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കും മികച്ച പ്രതികരണണാണ് ലഭിക്കുന്നത്.

അഭിനയമികവു കൊണ്ട് ശ്രദ്ധേയനായ പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ലൂസിഫറിലെ നായകനും മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചിരുന്നു. മഞ്ജുവാര്യര്‍ തന്നെയാണ് ലൂസിഫറിലെയും നായിക. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൂസിഫര്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.