മോഹന്‍ലാലിനോട് ആക്ഷന്‍ പറഞ്ഞ് പൃഥ്വിരാജ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

September 5, 2018

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ലൂസിഫര്‍’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സിനിമാതാരം പൃഥ്വിരാജ് സംവിധായകനാകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന ചിത്രീകരണത്തില്‍ പൃഥ്വിരാജ് മോഹന്‍ലാലിനോട് ആക്ഷന്‍ പറയുന്നതിന്റെ വീഡിയോ രംഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മൂവായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മോഹന്‍ലാലും പങ്കെടുത്ത രംഗങ്ങളാണ് ചിത്രീകരിച്ചത്.

ചിത്രീകരണത്തിന്റെ നിരവധി വീഡിയോകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. പൃത്വിരാജിന്റെയും മോഹന്‍ലാലിന്റെയും ആരാധകരുടെ ആര്‍പ്പിവിളികളും ആരവങ്ങളും വീഡിയോകളില്‍ കാണാം. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു സമീപമാണ് ഷൂട്ടിങ്ങ് നടന്നത്. രാവിലെ മുതല്‍ നിരവധി പേര്‍ ചിത്രീകരണം കാണുന്നതിനായി സ്ഥലത്തെത്തിയിരുന്നു. വലിയ സമരം നടക്കുന്നതിനിടയിലേക്കു മോഹന്‍ലാല്‍ വന്നിറങ്ങുന്ന രംഗങ്ങളാണു ചിത്രീകരിച്ചത്. കറുത്ത അംബാസഡര്‍ കാറിലായിരുന്നു ലാലേട്ടന്റെ വരവ്. വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു മോഹന്‍ലാലിന്റെ വേഷം.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചിരുന്നു. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൂസിഫര്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.