പിറന്നാള്‍ ഗെയിമില്‍ വിജയിച്ച് നയന്‍താര; വീഡിയോ പങ്കുവെച്ച് വിഘ്‌നേശ്

September 25, 2018

തമിഴ് സിനിമാലോകം ഏറെ ശ്രദ്ധിക്കാറുള്ള താരജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘേനേശും. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം.

നയന്‍താരയ്‌ക്കൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വിഘ്‌നേശിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടുത്തിടെ ഇടംപിടിച്ചിരുന്നു. പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന ഒരു മത്സരമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. വിഘ്‌നേശും നയന്‍താരയും ചേര്‍ന്ന് പാകാമാന്‍ സ്മാഷ് എന്ന ഗെയിമാണ് കളിക്കുന്നത്. ഗെയിമില്‍ വിഘ്‌നേശിനെ നയന്‍താര തോല്‍പിക്കുന്നതും വീഡിയോയില്‍ കാണാം.

കളിയില്‍ വിജയിച്ച നയന്‍താര ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി തന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്നുണ്ട്.  വിഘ്‌നേശ് തന്നെയാണ് രസകരമായ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇരുവരുടെയും ആരാധകര്‍ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു. നയന്‍താരയും വിഘ്‌നേശും ഒരുമിച്ചു നടത്തിയ പഞ്ചാബ് യാത്രയുടെ ചിത്രങ്ങളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വിഘ്‌നേശ് പങ്കുവെച്ചിരുന്നു.