തെന്നിന്ത്യ മുഴുവൻ തരംഗമായി ‘നോട്ട’; ടീസർ കാണാം

September 6, 2018

തെന്നിന്ത്യ മുഴുവൻ തരംഗമായ അർജുൻ റെഡ്ഢിക്ക് ശേഷം വിജയ ദേവരക്കൊണ്ടയെ നായകനാക്കി ചിത്രീകരിക്കുന്ന പുതിയ ചിത്രം ‘നോട്ട’യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും.

കാലിക പ്രസക്തിയുള്ള വിഷത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന നോട്ടയിൽ നായികയായി മെഹ്‌റിൽ പിർ സാദയാണ് എത്തുന്നത്. ‘ബാഹുബലി’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടനായി മാറിയ നാസർ, സത്യരാജ്, എം.എസ് ഭാസ്ക്കർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാം സി എസ് സംഗീതം നിർവഹിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2011 ൽ തെലുങ്ക് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച വിജയ് വളരെ കുറച്ച് ചിത്രങ്ങളിലൂടെത്തന്നെ ജനപ്രിയ നടനായി മാറുകയായിരുന്നു. അർജുൻ റെഡ്‌ഡി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറിയ വിജയുടെ ‘ഗീതാഗോവിന്ദം’ എന്ന ചിത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.