‘ഒടിയന്റെ’ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

September 21, 2018

കേരളമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്‍’. ഒടിയന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന തീയതി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒക്ടോബര്‍ 11 ന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരിക്കും ട്രെയിലറിന്റെ ഡിജിറ്റല്‍ റിലീസ്. പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനാനാണ് ഒടിയന്റെ സംവിധാനം.

നേരത്തെ പുറത്തുവിട്ട ഒടിയന്റെ പോസ്റ്ററിനും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചെറുപ്പക്കാരനായി ചിരി തൂകി നില്‍ക്കുന്ന ലാലേട്ടനാണ് പോസ്റ്ററിലുള്ളത്. ശ്രീകുമാര്‍ മേനോന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. ഒക്ടോബറിലായിരുന്നു ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ഉലച്ച പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഒടിയനിലെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കും മികച്ച പ്രതികരണണാണ് ലഭിക്കുന്നത്. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിലീസിന് മുമ്പേ ഒടിയന്‍ ചില റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന ഹിന്ദി ഡബ്ബിങ് സാറ്റലൈറ്റ് റൈറ്റ്‌സാണ് ഒടിയന്‍ കരസ്ഥമാക്കിയിരിക്കുന്നത്. 3 കോടി 25 ലക്ഷം രൂപയാണ് ഹിന്ദി ഡബ്ബിങ് സാറ്റലൈറ്റ് റൈറ്റ്‌സ് ആയി ഒടിയന്‍ നേടിയത്.അതേസമയം ചിത്രത്തിന്റെ മേക്കിങ് വീഡിയോ സംവിധായകന്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ‘ഈ ശക്തിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എത്ര വലിയ പ്രതിസന്ധികള്‍ നേരിട്ടാലുംഒടിയന്‍ ചിത്രത്തിന് വേണ്ടി കഠിനപ്രയത്‌നം നടത്തുന്ന ഇവരെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’ മേക്കിങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.