‘പടയോട്ട’ത്തിന്റെ പുതിയ ട്രെയിലര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍; വീഡിയോ കാണാം

September 26, 2018

മലയാളത്തിന്റെ പ്രിയതാരം ബിജു മേനോന്‍ നായകനായെത്തിയ ‘പടയോട്ടം’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘പടയോട്ട’ത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ട്രെയിലര്‍ പങ്കുവെച്ചത്. ഹാസ്യാത്മകമായാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുന്ന ചിത്രമാണ് പടയോട്ടം.

നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ‘പടയോട്ടം’ സെപ്തംബര്‍ 14 നാണ് തീയറ്ററുകളില്‍ എത്തിയത്. ഓണത്തിന് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രം മഴക്കെടുതിയെത്തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. ചെങ്കല്‍ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. കോമഡി എന്റെര്‍റ്റൈനര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രം മനോഹരമായ ഒരു കുടുംബ ചിത്രം കൂടിയാണ്.

ബിജു മേനോനൊപ്പം ചിത്രത്തില്‍ സൈജു കുറുപ്പ്, സിത്താര എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തികച്ചും ഹാസ്യാത്മകമായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ചെങ്കല്‍ രഘു എന്ന കഥാപാത്രവും സംഘങ്ങളും കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് അരുണ്‍ എ ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ്. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’, ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് പടയോട്ടവും നിര്‍മ്മിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ യുഎഇയിലും പടയോട്ടം മുന്നേറുകയാണ്. യുഎഇയില്‍ പടയോട്ടത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.