ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വീട്ടിലെത്തിയ പാണ്ഡ്യ അച്ഛന് നല്‍കിയത് ഒരു കിടിലന്‍ സര്‍പ്രൈസ്; വീഡിയോ

September 15, 2018

സര്‍പ്രൈസുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മൂന്നു മാസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ അച്ഛനു നല്‍കിയ സര്‍പ്രൈസാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗം. ‘അച്ഛനെ അത്ഭുതപ്പെടുത്തുമ്പോള്‍’ എന്ന കുറിപ്പോടെയാണ് അച്ഛന് സര്‍പ്രൈസ് നല്‍കുന്ന വീഡിയോ പാണ്ഡ്യ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ ആരാധകരും ഏറ്റെടുത്തു.

പാണ്ഡ്യയുടെ സര്‍പ്രൈസ് ഇങ്ങനെ: കിടപ്പുമുറിയില്‍ നല്ല ഉറക്കത്തിലായിരുന്നു അച്ഛന്‍. പെട്ടെന്നൊന്ന് കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് മകനെ. അതും മൂന്നു മാസങ്ങള്‍ക്ക് ശേഷം. സന്തോഷംകൊണ്ട് ആ പിതാവ് മകനെ കെട്ടിപ്പിടിച്ചു. ഇങ്ങനെയാണ് പാണ്ഡ്യ അച്ഛനെ അത്ഭുതപ്പെടുത്തിയത്. ഏഷ്യാ കപ്പിലും ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്കായി കളിക്കുന്നുണ്ട്.

ആറ് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ഏഷ്യാ കപ്പിനു വേണ്ടി മത്സരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഹോങ്കോംഗിനെയായിരിക്കും നേരിടുക. ബുധനാഴ്ച ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടവും അരങ്ങേറും.

രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും ടീമിനൊപ്പമുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ യോഗ്യത നേടിയ ഏഷ്യന്‍ ടീമുകളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളെക്കൂടാതെ ഹോങ്കോങ്ങും ഏഷ്യ കപ്പില്‍ ഇത്തവണ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്.