അതിജീവനവും പ്രണയവുമൊക്കെ പറഞ്ഞ് ‘പരിയേറും പെരുമാള്‍’ തീയറ്ററുകളില്‍

September 29, 2018

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് പരിയേറും പെരുമാള്‍ എന്ന തമിഴ് ചലച്ചിത്രം. പൂര്‍ണ്ണമായും ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധാരാളം രാഷ്ട്രീയ സാമൂഹിക സംഭവങ്ങല്‍ പ്രതിഫലിക്കുന്നുണ്ട് ചിത്രത്തില്‍.

മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ രചനയും മാരി സെല്‍വരാജ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങൡ സഹസംവിധായകനായി പ്രവര്‍ത്തിച്ച മാരി സെല്‍വരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരിയേറും പെരുമാള്‍. കുതിരപ്പുറത്തേറിവരുന്ന പെരുമാള്‍ എന്നാണ് ചിത്രത്തിന്റെ പേരിന്റെ അര്‍ത്ഥം. അതിജീവനവും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

മനുഷ്യ കഥാപാത്രങ്ങള്‍ക്കു പുറമെ കറുപ്പി എന്ന നായയും ചിത്രത്തില്‍ ഒരു കഥാപാത്രത്തേപ്പോലെ നിലകൊള്ളുന്നുണ്ട്. കതിറും ആനന്ദിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്നത്. വക്കീലാകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് കതിരിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും ടെയ്‌ലറിനുമെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു.