ഇംഗ്ലണ്ട് നായകന് പോള്‍ കോളിംഗ്വുഡ് വിരമിക്കുന്നു; യാത്രയാകുന്നത് ലോകകപ്പ് നേടിക്കൊടുത്ത നായകന്
പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ടിലെ ഇതിഹാസ താരം പോള്‍ കേളിംഗ്വുഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2011 ല്‍ കോളിംഗ്വുഡ് വിരമിച്ചിരുന്നു. നിലവില്‍ കൗണ്ടിയില്‍ ഡര്‍ഹാമിനായി കളിക്കുകയായിരുന്നു താരം.
ഈ മാസം 24 ന് മിഡില്‍സെക്സിനെതിരെ നടക്കുന്ന മത്സരമായിരിക്കും കോളിംഗ് വുഡിന്റെ അവസാന മത്സരം. ദീര്‍ഘകാലമായി ക്രിക്കറ്റില്‍ തിളങ്ങാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഇംഗ്ലണ്ടിനായും ഡര്ഹാമിനായും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും കോളിംഗ്വുഡ് വ്യക്തമാക്കി. ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ കോളിംഗ്വുഡ് വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. അന്താരാഷ്ട്ര ആഭ്യന്തര തലത്തില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ ഇതിഹാസ താരം.
2010 ല്‍ ടി20 ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. കോളിംഗ്‍വുഡായിരുന്നു അന്ന് ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍. 22 വര്‍ഷത്തെ ക്രിക്കറ്റ് പാരമ്പര്യമുണ്ട് ഈ ക്രിക്കറ്റ് താരത്തിന്. 22 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കോളിംഗ്വുഡ് ഇതിനോടകം 17,000ത്തോളം റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി 68 ടെസ്റ്റ് മത്സരങ്ങളും 197 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളുമാണ് കോളിംഗ് വുഡിന്റെ ക്രിക്കറ്റ് കരിയറിലുള്ളത്. ടെസ്റ്റില്‍ 4259 റണ്‍സും 17 വിക്കറ്റും ഏകദിനത്തില്‍ 5092 റണ്‍സും 111 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.