‘എവിടെയായാലും കുഞ്ഞേ നീ സുരക്ഷിതയായിരിക്കുക’..കണ്ണുനിറച്ച് ഒരമ്മയും കുഞ്ഞും, വൈറൽ വീഡിയോ കാണാം

September 27, 2018

ലോകത്ത് മറ്റൊന്നിനും പകരം വയ്ക്കാനില്ലാത്ത ഒന്നാണ് മാതൃസ്നേഹം. അത്തരത്തിൽ വൈറലായ ഒരു അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മനുഷ്യനായാലും മൃഗങ്ങളായാലും അമ്മയുടെ സ്നേഹവും കരുതലും ഒരുപോലെ തന്നെയാണ്. താൻ എത്ര വേദനിച്ചാലും മക്കൾക്ക് നല്ലതു വരണമെന്നാഗ്രഹിക്കുന്നവരാണ് ലോകത്തിലുള്ള മിക്ക അമ്മമാരും. അത്തരമൊരു അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ഒരു തെരുവ് നായ തന്റെ കുഞ്ഞിന്റെ അടുത്ത് നിന്നും തിരിച്ചുപോകുന്ന വീഡിയോയാണ് മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തെരുവുനായയുടെ കുഞ്ഞിനെ വളർത്താനായി എടുത്തുകൊണ്ടു പോകുന്ന സ്ത്രീയുടെ അടുത്തുനിന്നുമാണ് ഒരു ബഹളവും വയ്ക്കാതെ ‘അമ്മ നായ നിൽക്കുന്നത്. സ്കൂട്ടറിനരികിലേക്ക് നായക്കുട്ടിയുമായി പോകുന്ന സ്ത്രീയെ അനുഗമിക്കുന്ന അതിന്റെ അമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്. കുഞ്ഞിനെ പിന്തുടർന്നെത്തുന്ന അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ വച്ചു നീട്ടിയെങ്കിലും സ്നേഹത്തോടെ നക്കിത്തോർത്തി ഉമ്മവച്ച് സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയാണ് ആ അമ്മ ചെയ്തത്.

ഫേസ്ബുക്കിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലായ ഈ വീഡിയോയ്ക്ക് കോടിക്കണക്കിന് കാഴ്ചക്കാരാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. നിരവധി ആളുകൾ കമന്റുകളും ലൈക്കുകളും രേഖപ്പെടുത്തിയ വീഡിയോ വളരെയധികം ദുഃഖം ഉണ്ടാക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.