ഈ അമ്മ വേറെ ലെവല്‍; നിറവയറുമായി നൃത്തം ചെയ്ത ആ പോള്‍ ഡാന്‍സ്‌കാരി വീണ്ടും

September 9, 2018

ചില അമ്മമാര്‍ വേറെ ലെവലാണ്. അങ്ങനെയുള്ള ഒരു അമ്മയുടെ പോള്‍ ഡാന്‍സിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. അലിസണ്‍ എന്ന പോള്‍ഡാന്‍സുകാരിയേ മാസങ്ങള്‍ക്ക് മുമ്പേ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. ആറ് മാസങ്ങള്‍ക്കു മുമ്പ് നിറവയറുമായി പോള്‍ നൃത്തം ചെയ്യുന്ന അലിസണ്‍ സ്ലിപ്‌സ് എന്ന യുവതി ലോകത്തിന് മുഴുവന്‍ ഒരു അത്ഭുതക്കാഴ്ചയായിരുന്നു.

പോള്‍ ഡാന്‍സുമായി അലിസണ്‍ വീണ്ടുമെത്തി. ഇത്തവണത്തെ അലിസണിന്റെ നൃത്തവും ഒരല്പം കൗതുകകരം തന്നെ. നിറവയറിന്റെ സ്ഥാനത്ത് ഒരു കുഞ്ഞുണ്ട് അലിസണിന്റെ വയറ്റത്ത്. കുഞ്ഞിനൊപ്പമാണ് അലിസണ്‍ പോള്‍ ഡാന്‍സ് കളിച്ചത്. ഡാന്‍സിന്റെ ചിത്രങ്ങള്‍ അലിസണ്‍ തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നിമിഷങ്ങള്‍ക്കൊണ്ടുതന്നെ കുഞ്ഞിനൊപ്പമുള്ള അലിസണിന്റെ പോള്‍ നൃത്തവും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു.

ഗര്‍ഭിണിയായിരിക്കെ പോള്‍ നൃത്തം ചെയ്യുന്ന അലിസണിനെ നിരവധി പേര്‍ വിമര്‍സിച്ചിരുന്നു. കുഞ്ഞിനെ ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നെഗറ്റീവായി ബാധിക്കുമെന്നായിരുന്നു മിക്കവരുടെയും കമന്റ്. ആറാം മാസത്തില്‍ അമിതഭാരമാണെന്ന ഡോക്ടര്‍ പറഞ്ഞപ്പോഴാണ് നിറവയറുമായി ഡാന്‍സ് ചെയ്യാന്‍ അലിസണ്‍ തയാറായത്. എന്നാല്‍ ഇത്തരം കമന്റുകള്‍ നല്‍കിയവര്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് തന്റെ കുഞ്ഞിനൊപ്പമുള്ള പുതിയ പോള്‍ നൃത്തത്തിലൂടെ അലിസണ്‍.