ഭയത്തിനൊപ്പം തമാശയും നിറച്ച് പ്രേതം; സമൂഹ മാധ്യമങ്ങളിൽ തരംഗമായ അണിയറ ചിത്രങ്ങൾ കാണാം…

September 27, 2018

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ ഇടം നേടിയ ജയസൂര്യ നായകനായി എത്തുന്ന ഏറ്റവും ഓപുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.. ജയസൂര്യ രഞ്ജിത്ത് കൂട്ടുകെട്ടിൽ പ്രേതം 2 എന്ന ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ ജയസൂര്യ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച സിനിമ ‘പ്രേതം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ആദ്യ ചിത്രത്തിലെ മെന്റലിസ്റ്റ്  ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് പുതിയ ചിത്രം എന്നാല്‍ ചിത്രത്തിന്റെ പ്രമേയം വിത്യസ്തമാണെന്നും ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച അല്ലെന്നും നേരത്തെ രഞ്ജിത്ത് ശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.

അജു വര്‍ഗീസ്, ധര്‍മജന്‍, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, തുടങ്ങി വലിയ താരനിരകളെ അണിനിരത്തിയായിരുന്നു പ്രേതത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ചിരുന്നത്.  അതേസമയം കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ സംവിധായകൻ രഞ്ജിത്ത് പുറത്തുവിട്ടിരുന്നു. ‘ഡബിള്‍ ഫണ്‍, ഡബിള്‍ ഫിയര്‍’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. രണ്ട് നായികമാരാണ് പ്രേതം 2 വിലുള്ളത്. സാനിയ ഇയ്യപ്പന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിംസറില്‍ ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടിയാണ് ഇരുവരുടെയും കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചലച്ചിത്രം. ജയസൂര്യ ട്രാൻസ്ജെന്ററുടെ വേഷത്തിലെത്തുന്ന ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്‌കോയായി ജയസൂര്യ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.