ഇരട്ടി തമാശയും ഇരട്ടി ഭയവുമായി ‘പ്രേതം 2’; ചിത്രീകരണം ആരംഭിച്ചു

September 20, 2018

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പ്രേതം 2 എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ നടന്നു. പൂജയുടെ ചിത്രങ്ങള്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ഡബിള്‍ ഫണ്‍, ഡബിള്‍ ഫിയര്‍’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. രണ്ട് നായികമാരാണ് പ്രേതം 2 വിലുള്ളത്. സാനിയ ഇയ്യപ്പന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിംസറില്‍ ക്രിസ്തുമസ് റിലീസായി ചിതത്രം തീയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രേതം ആദ്യ ഭാഗത്തില്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റ് കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ജോണ്‍ ഡോണ്‍ ബോസ്‌കോയെ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗവും. എന്നാല്‍ ചിത്രത്തിന്റെ പ്രമേയം വിത്യസ്തമാണെന്നും ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച അല്ലെന്നും നേരത്തെ രഞ്ജിത്ത് ശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.

രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന മലയാള സിനിമകള്‍ എല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ‘പുണ്യാളന്‍ അഗര്‍ബത്തീസ്’, ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’, ‘സുസു സുധി വാത്മീകം’ തുടങ്ങിയവയെല്ലാം വെള്ളിത്തിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.