“നിനക്കൊപ്പമുള്ള 7305 സുന്ദര ദിനങ്ങൾ”; സരിതയ്ക്ക് ആശംസകളുമായി ജയസൂര്യ!

January 25, 2024

2002 -ൽ പുറത്തിറങ്ങിയ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന തന്റെ ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ വരവറിയിച്ച നടനാണ് ജയസൂര്യ. പിന്നീട് ജയസൂര്യ ഉൾപ്പെടെ നിരവധി യുവ നായകന്മാർ മലയാള സിനിമ വാണു. കാലങ്ങൾ ഇത്ര പിന്നിട്ടിട്ടും ജയസൂര്യ എന്ന നടനോടുള്ള മലയാളികളുടെ സ്നേഹവും കരുതലും ഒട്ടും കുറഞ്ഞിട്ടില്ല. ജയസൂര്യയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. (Jayasurya’s Anniversary wishes to wife Saritha)

സോഷ്യൽ മീഡിയയിലൂടെ തൻ്റെ വിശേഷങ്ങളും ചിത്രങ്ങളും സജീവമായി പങ്കുവെക്കാറുള്ള താരം കൂടെയാണ് ജയസൂര്യ. ഇപ്പോഴിതാ തന്റെ വിവാഹ വാർഷികത്തിൽ ഭാര്യ സരിതയ്ക്കായുള്ള ജയന്റെ ഹൃദ്യമായ ആശംസയാണ് ശ്രദ്ധ നേടുന്നത്. ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിലാണ് ജയസൂര്യ ആശംസകൾ അറിയിച്ചിരിക്കുന്നത്.

“നിന്നോടൊപ്പമുള്ള 7305 സുന്ദര ദിനങ്ങൾ! നമുക്ക് 20 വർഷം പൂർത്തിയാക്കിയതിന് ആശംസകൾ” എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. 2004-ൽ ആയിരുന്നു ജയസൂര്യയുടെയും സരിതയുടെയും വിവാഹം. ഇരുവർക്കും രണ്ട് മക്കളുണ്ട്.

Read also: ആദിക്ക് അച്ഛന്റെ പൊന്നുമ്മ; മകന് ജന്മദിനാശംസകളുമായി ജയസൂര്യ!

ജയസൂര്യയുടെ ഭാര്യ സരിത ഒരു കോസ്റ്റ്യൂം ഡിസൈനറാണ്. പുണ്യാളൻ അഗർബത്തീസ്, ഫുക്രി, സു സു സുധി വാൽമീകം, പ്രേതം തുടങ്ങിയ ചിത്രങ്ങളിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ സരിതയ്ക്ക് ഏറെ പ്രസിദ്ധി നേടി കൊടുത്തു. ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിന് വേണ്ടി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ എല്ലാവരിലും മികച്ച സ്വീകാര്യത നേടി.

Story highlights: Jayasurya’s Anniversary wishes to wife Saritha