‘എന്നിലെ ഹൃദയം എന്നോട് പറയുന്നത് പരീക്ഷണങ്ങൾ നടത്തി പരിശ്രമിക്കാനാണ്’; മനസ് തുറന്ന് പൃഥ്വി

മലയാളത്തിന് അകത്തും പുറത്തുമായി നിരവധി ആരാധകർ ഉള്ള താരമാണ് പൃഥ്വിരാജ്. താൻ സിനിമയിൽ എത്തിയ വഴികളെക്കുറിച്ചും സിനിമയിൽ ഒരു താരമെന്ന നിലയിൽ ചെയ്യേണ്ടതെന്തെല്ലാമാണെന്നും ആരാധകരോട് വെളിപ്പെടുത്തുകയാണ് പൃഥ്വി. അഭിനേതാവായും സംവിധായകനായും വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന താരം നടത്തിയ ഒരു അഭിമുഖത്തിലാണ് സിനിമാ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്.
സിനിമയിലേക്കുള്ള തന്റെ വരവ് വളരെ എളുപ്പമായിരുന്നെന്നും, ഒരു സംവിധായകന്റെയും അടുത്ത് അഭിനയിക്കണമെന്ന ആഗ്രഹവുമായി താൻ പോയിട്ടില്ലെന്നും പറയുന്ന പൃഥ്വി ആദ്യമായി താൻ അഭിനയിച്ച ചിത്രം പ്രേക്ഷകർ ഏറ്റെടുത്തെന്നും പറഞ്ഞു. സിനിമ ആഗ്രഹവുമായി എന്നെക്കാൾ കഴിവുള്ള നിരവധി ആളുകൾ പുറത്തുനിൽക്കുന്നുണ്ടെന്നും അതിനാൽ തന്നെ എന്റെ സിനിമയിലേക്കുള്ള വരവ് ഒട്ടും കഷ്ടപെടാതെയാണെന്നും പറഞ്ഞു.
എനിക്കെല്ലാം സൗജന്യമായി തന്ന സിനിമയ്ക്ക് എന്തെങ്കിലുമൊക്കെ എനിക്കും തിരിച്ച് നൽകണമെന്നും. അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയാമെന്നും താരം വ്യക്തമാക്കി. എന്നിലെ ഹൃദയം എന്നോട് പറയുന്നത് പരീക്ഷണങ്ങൾ നടത്തി പരിശ്രമിക്കാനാണെന്നും അതാണ് താൻ ചെയ്യുന്നതെന്നും പറഞ്ഞ താരം അതിനിടയിൽ ചില സിനിമകൾ വിജയമാകാമെന്നും ചിലത് പരാജയപ്പെടാമെന്നും കൂട്ടിച്ചേർത്തു.