‘ഇത് ജീവിതത്തിലെ നിർണ്ണായകമായ പഠനകാലം’; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
നടനായും സംവിധായകനായും വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് പൃഥ്വിരാജ്. നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച താരം സവിധായകനായി എത്തുന്ന പുതിയ ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പ്രിഥ്വി സംവിധാനം ചെയ്യുന്ന ചിത്രം വാനോളം പ്രതീക്ഷയാണ് ആരാധകരിൽ ഉണർത്തുന്നത്.
സംവിധാനം അത്ര എളുപ്പമുള്ള കാര്യമല്ലെന്നും തന്റെ ജീവിതത്തിലെ ഏറ്റവും തീവ്രമായ പഠനകാലമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഫെയ്സ്ബുക്കിലൂടെയാണ് ലൂസിഫറിന്റെ ചിത്രീകരണവിശേഷം പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.
‘ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന് ഇനി ഒരാഴ്ച കൂടിയുണ്ട് . ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ അഭിമാനമായാണ് താൻ കരുതുന്നത്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്’ പൃഥ്വിരാജ് ഫേസ്ബുക്കിൽ എഴുതിച്ചേർത്തു. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തുവിടുമെന്നും പൃഥ്വിവ്യക്തമാക്കി.
ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് നടന് വിവേക് ഒബ്റോയിയാണ്. യുവനായകന് ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരകളെയാണ്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്.