സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ച് ഗിന്നസ് പക്രുവും; പ്രഖ്യാപനം ഏറ്റെടുത്ത് ആരാധകര്‍

September 17, 2018

മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രുവും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു. താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഗിന്നസ് പക്രുവിന്റെ പ്രഖ്യാപനത്തിന് ലഭിക്കുന്നത്.

‘സര്‍വ്വദീപ്ത പ്രൊഡക്ക്ഷന്‍സ്’ എന്നാണ് ഗിന്നസ് പക്രുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര്. നടന്‍, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നതിന്റെ വിശേഷങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെയും ഗിന്നസ് പക്രു പങ്കുവെച്ചു. ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഒരു കോമഡി ചിത്രമാണെന്നും ചിത്രത്തില്‍ മൂന്നു നായകന്‍മാരും രണ്ട് നായികമാരുമാണുള്ളതെന്നും ഗിന്നസ് പക്രു പറഞ്ഞു. മൂന്നു നായകന്മാരില്‍ ഒരാളെ ഗിന്നസ് പക്രു തന്നെയാണ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നവാഗതനായ രഞ്ജിത്ത് സ്‌കറിയ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഗിന്നസ് പക്രു ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.