ഇത് വെറും ജഡേജയല്ല, പറക്കും ജഡേജ; ഏഷ്യാ കപ്പിലെ ഒരു തകര്‍പ്പന്‍ പ്രകടനം കാണാം

September 29, 2018

ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്ന താരങ്ങളെ പലപ്പോഴും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തിനിടെയുള്ള ജഡേജയുടെ ഒരു തകര്‍പ്പന്‍ പ്രകടനമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗം. സ്റ്റംമ്പിങിനു വേണ്ടി പറന്നുയര്‍ന്ന് പന്ത് കൈക്കുമ്പിളിലാക്കിയതായിരുന്നു കളിക്കളത്തിലെ ജഡേജയുടെ മിന്നും പ്രകടനം. അന്താരാഷ്ട്ര തലത്തില്‍ മികച്ച ഫീല്‍ഡര്‍മാരുടെ കൂട്ടത്തില്‍ താനുമുണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ.

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 27-ാം ഓവറിലായിരുന്നു താരത്തിന്റെ കലക്കന്‍ പ്രകടനം. യുസ്വേന്ദ്ര ചാഹലിന്റെ പന്ത് ബംഗ്ലാദേശിന്റെ ലിറ്റോണ്‍ ദാസ് തൊടുത്തുവിട്ടു. ബൗണ്ടറിയായിരുന്നു ലക്ഷ്യ. എന്നാല്‍ പറന്നുചെന്ന് പന്ത് തട്ടിയിട്ട ജഡേജ ബോളിങ് എന്‍ഡിലേക്ക് പന്ത് എറിഞ്ഞു നല്‍കി. സെക്കന്‍ഡുകള്‍ക്കൊണ്ട് ചാഹലിന്റെ കൈലെത്തിയ പന്ത് സ്റ്റമ്പിളക്കി. ബംഗ്ലാദേശിന്റെ മുഹമ്മദ് മിഥുന്‍ പുറത്തേക്കും. സെക്കന്‍ഡുകള്‍ക്കൊണ്ട് തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ജഡേജ കാഴ്ചവെച്ചത്.


 
ഏഷ്യാകപ്പ് ഫൈനലില്‍ 223 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അവസാനത്തെ പന്തില്‍ഇന്ത്യ വിജയം കണ്ടു. 48 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ശിഖര്‍ ധവാനാണ് കളിയിലെ മാന്‍ ഓഫ് ദ് മാച്ച്. ഏറെ വെല്ലുവിളി നിറഞ്ഞ മത്സരം ആയിരുന്നെങ്കിലും ഇന്ത്യ എഷ്യാ കപ്പിലെ ഏഴാം കിരീടം മുത്തമിട്ടു.