‘എങ്ങനെയാണ് എപ്പോഴും ഇങ്ങനെ ചെറുപ്പമായിരിക്കുന്നത്?’ താരരാജാക്കന്മാരോട് ചോദ്യങ്ങളുമായി തമിഴകത്തിന്റെ പ്രിയ നായിക സാമന്ത….

September 19, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരങ്ങളാണ് തമിഴകത്തിന്റെ സ്വന്തം വിജയ്‍യും തല അജിത്തും. ഇരുവരുടെയും ചിത്രങ്ങൾ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. യുവജനങ്ങൾക്കൊപ്പം മുതിർന്നവരും കുട്ടികളുമായി നിരവധി ആരാധകരാണ് ഈ താരങ്ങൾക്ക് തമിഴകത്തുള്ളത്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ ഈ തമിഴ് പുലികളോട് ഒരുപാട് ചോദ്യങ്ങളുമായി എത്തുകയാണ് തമിഴകത്തിന്റെ തന്നെ സ്വന്തം നായിക സാമന്ത..

നിരവധി ചിത്രങ്ങളിലെ അഭിനയത്തിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് സാമന്തയും. എങ്കിലും ഇന്ത്യ മുഴുവൻ ആരാധകരുള്ള വിജയ്‌യോടും അജിത്തിനോടും ഇത്രയധികം പ്രേക്ഷക സ്വീകാര്യത നേടിയതിന്റെ രഹസ്യം ചോദിക്കുകയാണ് താരം. ഒരു ടിവി അഭിമുഖത്തിലാണ് വിജയ്‍യോടും അജിത്തിനോടും സാമന്ത ചോദ്യങ്ങള്‍ ചോദിച്ചത്.  എപ്പോഴും എങ്ങനെയാണ് ചെറുപ്പമായി ഇരിക്കുന്നത് എന്നായിരുന്നു വിജയ്‍യോടുള്ള സാമന്തയുടെ ചോദ്യം. തെറി, കത്തി, മേര്‍സല്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിജയ്‍യുടെ നായികയായി സാമന്ത വേഷമിട്ടിരുന്നു.

അതേസമയം അജിത്തിനോട് മറ്റൊരു ചോദ്യമായിരുന്നു സാമന്തയ്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. എല്ലാവരും അജിത്തിനെ ഇഷ്‍ടപ്പെടുന്നതിന് എന്താണ് കാരണമെന്ന് അറിയില്ല. എങ്ങനെയാണ് എല്ലാവരുടെയും പ്രിയപ്പെട്ട ആളാകുന്നത് എന്നായിരുന്നു ചോദ്യം. തന്റെ ഭര്‍ത്താവ് നാഗചൈതന്യക്കും അജിത്തിനെ ഏറെ ഇഷ്‍ടമാണെന്നും സാമന്ത പറയുന്നു. താരത്തിന്റെ ഈ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ഉത്തരങ്ങളുമായി എത്തുകയാണ് ഇരുവരുടെയും ആരാധകർ.