മനോഹരമായ മുടി മുറിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സംവൃത

September 17, 2018

മലയാളികളുടെ പ്രിയതാരമാണ് സംവൃത സുനില്‍. ഇടതൂര്‍ന്ന നീളന്‍ മുടി തന്നെയായിരുന്നു ഒരു കാലത്ത് സംവൃതയുടെ അഴക്. മനോഹരമായ ആ നീളന്‍ മുടി മുറിച്ചതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവൃത ഇപ്പോള്‍. ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ വേണ്ടിയാണ് സംവൃത മുടി മുറിച്ച് നല്‍കിയത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു താരം.

സംവൃതയുടെ വീടിന് സമീപത്തായി വിഗ്‌സ് ഫോര്‍ കിഡ്‌സ് എന്നൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാന്‍സര്‍ ബാധിച്ച് കീമോ തെറാപ്പിക്ക് വിധേയമാകുന്ന കുട്ടികള്‍ക്കും ജന്മനാ മുടി വളരാത്ത കുട്ടികള്‍ക്കും വേണ്ടിയാണ് ഈ സംഘടന വിഗ് ഉണ്ടാക്കുന്നത്.

ഒരിക്കല്‍ ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയപ്പോള്‍ മുടി മുറിക്കുന്ന സ്ത്രീ സംവൃതയുടെ മുടികൊണ്ട് മൂന്ന് കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാമെന്നു പറഞ്ഞു. അപ്പോഴാണ് മുടി ഡൊണേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. നീളന്‍ മുടിയായിരുന്നു ഇഷ്ടമെങ്കിലും മുടി ഡൊണേറ്റ് ചെയ്യാന്‍ തയാറാവുകയായിരുന്നു താനെന്നും സംവൃത പറഞ്ഞു.

ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസാണ് മുടി മുറിച്ച സംവൃതയുടെ ചിത്രം ആദ്യമായി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി.