ഏഷ്യന്‍ ഗെയിംസ് മെഡലും ഒരു ലക്ഷം രൂപയും കേരളത്തിന് സമര്‍പ്പിച്ച് കായികതാരം
സംസ്ഥാനത്തെ ഉലച്ച പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് മലയാളികള്‍. നിരവധി സഹായ ഹസ്തങ്ങളാണ് ഓരോ ദിനവും കേരളത്തിന് നേരെ നീളുന്നത്. മതവും രാഷ്ട്രീയവും ദേശവുമെല്ലാം മറന്ന് കേരളത്തിന് സഹായവുമായി നിരവധി പേര് എത്തുന്നുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ ലഭിച്ച; തനിക്ക് ഏറ്റവും പ്രീയപ്പെട്ട വെങ്കല മെഡല്‍ കേരളത്തിന് സമര്‍പ്പിക്കുകയാണ് ഡിസ്ക്കസ് ത്രോ താരം സീമ പുനിയ. മലയാളിയല്ലാത്ത ഒരു അത്ലറ്റ് ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ദുരിതബാധിതര്‍ക്കായി സമര്‍പ്പിച്ചത് ഇത് ആദ്യം.
ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങിയ മലയാളി താരങ്ങളായ ജിന്സണ് ജോണ്‍സണും അനസും നീനയും വിസ്മയയുമെല്ലാം തങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കേരളത്തിന് സമര്‍പ്പിച്ചിരുന്നു. മലയാളിയല്ലെങ്കിലും കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ് സീമ പുനിയ. ഒരു മെഡലിലൂടെ മാത്രം തീരുന്നില്ല സീമയ്ക്ക് കേരളത്തോടുള്ള സ്നേഹം. ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നല്കിയ 700 യു.എസ് ഡോളറും വ്യക്തിപരമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് സീമ പുനിയയുടെ തീരുമാനം.
ഏഷ്യന്‍ ഗെയിംസിലെ മറ്റ് ഇന്ത്യന്‍ താരങ്ങളോടും കേരളത്തിന് സംഭാവന നല്‍കണമെന്ന് സീമ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്വന്തം നിലപാടിലൂടെ കായികലോകത്തിന് തന്നെ മാതൃകയാകുകയാണ് ഈ കായികതാരം. ജക്കാര്‍ത്തയില്‍ 62.26 മീറ്റര്‍ എറിഞ്ഞാണ് സീമ മൂന്നാമതെത്തിയത്. മുപ്പത്തിയഞ്ചുകാരിയായ സീമയുടെ സീസണിലെ മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ താരമാണ് സീമ പുനിയ. ഹരിയാനയാണ് സീമയുടെ സ്വദേശം.