കേരളത്തിന് പണക്കുടുക്ക സമ്മാനിച്ച ഷാദിയയ്ക്ക് സ്നേഹക്കുടുക്കയുമായി ഡോക്ടർ

September 9, 2018

പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിന് സ്നേഹസമ്മാനവുമായി എത്തിയ ഷാദിയ എന്ന  കൊച്ചുമിടുക്കി കേരളത്തിന് നൽകിയത് അവളുടെ സമ്പാദ്യം മാത്രമായിരുന്നില്ല, സ്നേഹം കൂടിയായിരുന്നു. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഈ കൊച്ചുമിടുക്കിയ്ക്ക് ഒരു കുടുക്കനിറയെ പണവുമായി എത്തിയിരിക്കുകയാണ് ഡോ. ജസീല്‍ മുഹമ്മദും ഭാര്യയും. മലപ്പുറം സ്വദേശിയായ ഡോക്‌ടർ കുടുക്കയിൽ പണം സൂക്ഷിക്കുക പതിവുള്ളതാണ്. ഈ  പണവുമായാണ് ഡോക്ടർ ഷാദിയയെ കാണാൻ എത്തിയത്.

ഷാദിയയുടെ രോഗത്തെക്കുറിച്ചറിഞ്ഞ ജസീലും ഭാര്യയും ഷാദിയയ്ക്കു തങ്ങളുടെ സമ്പാദ്യ കുടുക്ക സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുക്കയില്‍ കാശ് ശേഖരിക്കുന്നതു ഇരുവരുടെയും   പതിവാണ്. ഡോളറും ദിനാറും രൂപയും എല്ലാം കൂട്ടി 25,000ല്‍ അധികം രൂപയുണ്ടാവുമെന്നാണു ജസീല്‍ കരുതുന്നത്. എന്റെ കൊച്ചനുജത്തിക്കു ചേട്ടന്റെയും ചേച്ചിയുടെയും വക ഒരു കൊച്ചു സമ്മാനം’ എന്നു മാത്രമേ കരുതിയുള്ളുവെന്നു ജസീല്‍ അറിയിച്ചു. പ്രളയബാധിത മേഖലയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ രാവിലെ ആലുവയില്‍ എത്തിയപ്പോഴാണു ഷാദിയയുടെ വീട്ടിലേക്ക് എത്തിയത്.

പ്രളയം തകർത്ത കേരളത്തിന്റെ വേദനയിലും ആശ്വാസത്തിന്റെ പൊൻതൂവൽ സ്പർശവുമായി എത്തിയ കേരളത്തിന്റെ സ്വന്തം പിഞ്ചോമനയാണ് ഷാദിയ. തലച്ചോറിലെ ട്യൂമറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ഷാദിയ താൻ പൊന്നുപോലെ സൂക്ഷിച്ച പണക്കുടുക്ക കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് മലയാളികളുടെ മുഴുവൻ കണ്ണ് നനച്ചിരുന്നു.

ലോകത്തിന് മുഴുവൻ മാറ്റിവയ്ക്കാൻ പറ്റാത്ത മാതൃകയായ ഈ പിഞ്ചോമനയെത്തേടി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾ എത്തിയിരുന്നു. മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യർ കഴിഞ്ഞ ദിവസം ഷാദിയയെ കാണാൻ എത്തിയ ശേഷം അവൾക്കുറിച്ചെഴുതിയ കുറിപ്പ് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പിന്നീട് നിരവധി സമ്മാനങ്ങളുമായി ഷാദിയയുടെ വീട്ടിൽ നടൻ ജയസൂര്യയും എത്തിയിരുന്നു. ഈ പിഞ്ചോമനയെത്തേടി നിരവധി ആളുകളാണ് ഇപ്പോൾ കുട്ടിയുടെ വീട്ടിൽ എത്തുന്നത്. അവളുടെ ചികിത്സയ്ക്കായി വളരെയധികം പണം ആവശ്യമായിരുന്ന സാഹചര്യത്തിലായിരുന്നു തന്റെ പണക്കുടുക്ക ഷാദിയ കേരളത്തിന് സമർപ്പിച്ചത്.