മനുഷ്യശാസ്ത്രത്തിനൊപ്പം മനുഷ്യസ്നേഹവും പകർന്നു നൽകിയ ഷമീമ ടീച്ചർ..
അറിവിന്റെ അക്ഷരങ്ങൾക്കൊപ്പം മനുഷ്യത്വത്തിന്റെ നന്മകൾ കൂടി പകർന്നു നൽകുന്നവരാണ് അധ്യാപകർ. സ്വന്തം ജീവിതത്തിലൂടെ എന്നും വിദ്യാർത്ഥികൾക്ക് മാതൃകയായ ഒരു അധ്യാപികയായിരുന്നു ഷമീമ ടീച്ചർ. പ്രളയത്തിൽ ദുരിതത്തിലാണ്ട കേരളക്കരയ്ക്ക് സ്വന്തം സ്വർണ്ണമാല ഊരി നൽകിയ ടീച്ചർ കുട്ടികൾക്ക് മാത്രമല്ല കേരളത്തിന് മുഴുവൻ കണ്ടുപഠിക്കാവുന്ന ഒരു മാതൃകാദ്ധ്യാപികയാണ്. ഈ അധ്യാപക ദിനത്തിൽ ഷമീമ ടീച്ചറെയും ഓർത്തെടുത്ത് കേരളം..
അതിജീവനത്തിനായി ഒരേ മനസ്സോടെ കൈയ്യും മെയ്യും മറന്ന് പോരാടുകയാണ് കേരളക്കര . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നവരും നിരവധിയാണ്. മറ്റുള്ളവരുടെ വേദനകളില്‍ എല്ലാം മറന്ന് അനേകര്‍ ഒപ്പം ചേരുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കേരളത്തോട് ആഹ്വാനം ചെയ്തിരുന്നു.
കണ്ണൂര്‍ ജില്ലയിലെ തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ അധ്യാപികയാണ് ഷമീമ. അതിജീവനത്തിനായി പൊരുതുന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ രണ്ട് പവനിലേറെ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും ഊരിനില്‍കിയിരിക്കുകയാണ് ഈ അധ്യാപിക. വര്‍ഷങ്ങളായി തന്റെ കഴുത്തിലണിഞ്ഞിരുന്ന; തനിക്ക് ഏറ്റവും പ്രീയപ്പെട്ട മാലയാണ് ഷമീമ ടീച്ചര്‍ നിറമനസ്സോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വണ്‍ മന്ത് ഫോര്‍ കേരള ക്യാംപയിനില്‍ പങ്കാളിയകുന്നതിന്റെ ഭാഗമായി ഷമീമ ടീച്ചര്‍ തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കായി നേരത്തെ മാറ്റിവെച്ചിരുന്നു. ഇതുകൂടാതെയാണ് സ്വന്തം മാലയും പ്രളയബാധിതരെ സഹായിക്കുന്നതിനായി നല്‍കാന്‍ ടീച്ചര്‍ തയാറായത്.
സുവോളജിയാണ് ഷമീമ ടീച്ചര്‍ പഠിപ്പിക്കുന്ന വിഷയം. മനുഷ്യശാസ്ത്രം അത്ര ആഴത്തില്‍ അറിയാവുന്നതുകൊണ്ടാവാം മറ്റുള്ളവരുടെ ഹൃയവേദനയിലും പങ്കുകാരിയാകാന്‍ ടീച്ചറിനു സാധിച്ചത്. കലക്ട്രേറ്റിലെത്തിയ ടീച്ചര്‍ ഡപ്യൂട്ടി കലക്ടര്‍ സിഎം ഗോപിനാഥനു മാല കൈമാറുകയായിരുന്നു. ജീവിതം കൊണ്ട് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നവര്‍ വിരളമാണ്. ഷമീമ ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല സമൂഹത്തെ മുഴുവനും സ്വന്തം ജീവിതം കൊണ്ടു വലിയ പാഠമാണ് പഠിപ്പിക്കുന്നത്. മറ്റുള്ളവരുടെ വേദനകളില്‍ ആശ്വാസമാകാന്‍ പ്രചോദനമേകുന്ന നല്ല പാഠമാണ് ഈ അധ്യാപിക.