പാട്ടുകാരായ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ഗാനം ആലപിച്ച് ശങ്കര്‍ മഹാദേവന്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
പാട്ടുകാരായ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ഗാനം ആലപിക്കുന്ന ശങ്കര്‍ മഹാദേവന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് നവമാധ്യമങ്ങള്‍. ഹോട്ടലില്‍ നിന്നും രണ്ട് ഗായകരെ കണ്ടെത്തിയ ശങ്കര്‍ മഹാദേവന് അവരെക്കൊണ്ട് പാട്ടുകള്‍ പാടിപ്പിച്ചും അവര്‍ക്കൊപ്പം പാട്ടു പാടിയും വീഡിയോ എടുത്തു. അദ്ദേഹം തന്നെയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതും. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
‘എത്ര കലാകാരന്മാരാണ് നമ്മുടെ നാട്ടിലുള്ളത്’ എന്ന കുറിപ്പോടുകൂടിയാണ് ശങ്കര്‍ മഹാദേവന് ഹോട്ടല്‍ ജീവനക്കാരുടെ പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കോണ്‍റാഡ് ബംഗളൂരു എന്ന ഹോട്ടലില്‍ നിന്നാണ് ശങ്കര്‍ മഹാദേവന് ഈ ഗായകരെ കണ്ടെത്തിയത്. പാട്ടുകാരായ അശ്വിന്, ഡോയല്‍ എന്നിവരെ പരിചയപ്പെടുത്തിക്കൊണ്ടാണ് ശങ്കര്‍ മഹാദേവന്റെ വീഡിയോ ആരംഭിക്കുന്നത്. നേരത്തെയും നിരവധി ഗായകരെ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് ശങ്കര്‍ മഹാദേവന്.
സോഫ്റ്റ്വെയര് എന്‍ജിനിയറായി ജോലിചെയ്തിരുന്ന ശങ്കര്‍ സംഗീതമാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ് അതിലേക്ക് ചുവടുമാറ്റുകയായിരുന്നു. എ.ആര്.റഹ്മാനുമായുള്ള ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെ ശങ്കര്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു. ഈ ഗാനത്തിന് ദേശീയ ചലച്ചിത്രപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. തുടര്‍ന്ന് ‘ബ്രീത്ലസ്സ്’ എന്ന സംഗീത ആല്‍ബത്തിലൂടെ ശങ്കര്‍ കൂടുതല്‍ പ്രസിദ്ധനായി. 2007 ല്‍ ‘താരെ സമീന്‍ പര്’ എന്ന ചിത്രത്തിലെ ഗാനാലാപനത്തിനും മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ശങ്കറിന് ലഭിച്ചു.